വിശ്രമമില്ലാതെ അഗ്നിശമന സേന

തിരുവനന്തപുരം: തുടർച്ചയായി പെയ്ത മഴയിൽ വിവിധയിടങ്ങളിൽ മരങ്ങൾ വീണതോടെ അഗ്നിശമന സേനയ്ക്ക് നെട്ടോട്ടം. ചാക്കയിലെയും രാജാജി നഗറിലെയും സേനാംഗങ്ങൾ വിശ്രമരഹിതരായി ജോലി ചെയ്ത് റോഡിലെ തടസ്സങ്ങൾ നീക്കി. ചിലയിടങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾക്കു മുകളിൽ മരം വീണെന്ന വിവരത്തെത്തുടർന്ന് മണിക്കൂറുകൾ പ്രയത്നിച്ച് മരങ്ങൾ മുറിച്ചു മാറ്റി.
മെഡിക്കൽ കോളേജ് വളപ്പിലെയും മരങ്ങൾ കടപുഴകി. വിവിധ ഭാഗങ്ങളിലായി മരക്കൊമ്പുകൾ ഒടിഞ്ഞു സമീപത്തു പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് കേടുപാടുണ്ടായി. ലേഡീസ് ഹോസ്റ്റലിനു സമീപത്തെ മൂന്നു കാറുകൾക്കു മുകളിലൂടെ മരം വീണു. ആർസിസിക്ക് എതിർവശത്ത് പത്തോളജി ലാബിലേക്ക് പോകുന്ന വഴിയിൽ ആൽ മരം കടപുഴകി വീണതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന ഏഴു കാറുകൾക്ക് കേടുപറ്റി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനു സമീപവും കാറുകൾക്ക് മുകളിൽ മരച്ചില്ലകൾ ഒടിഞ്ഞുവീണു.
മെഡിക്കൽ കോളേജിനു പുറമേ ഉള്ളൂർ ഡോക്ടേഴ്സ് ഗാർഡൻ, ചാലക്കുഴി കാപ്പിൽ ലെയിൻ, കുമാരപുരം ചെന്നിലോട് എന്നിവിടങ്ങളിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന മരങ്ങൾ മുറിച്ചു മാറ്റി.
Caption : മെഡിക്കൽ കോളേജ് വളപ്പിൽ ഒടിഞ്ഞു വീണ മരങ്ങൾ ഫയർഫോഴ്സ് നീക്കം ചെയ്യുന്നു
0 comments