ജോധ്പൂരിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 14 അഗ്നിശമനസേന അംഗങ്ങൾക്ക് പരിക്ക്

ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പുരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 14 അഗ്നിശമനസേന അംഗങ്ങൾക്ക് പരിക്ക്. ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണ്. ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന കെമിക്കലുകളുടെ ബാരലുകൾ തീപിടിച്ചുണ്ടായ സ്ഫോടനങ്ങളാണ് തീപിടിത്തത്തിന് കാരണമായത്.
ഗണേഷ് നഗർ പ്രദേശത്തുള്ള ഫാക്ടറി ആ സമയത്ത് പൂട്ടിയിരിക്കുകയായിരുന്നു, എന്നാൽ പരിസരത്തിനുള്ളിലെ ഡ്രമ്മുകളിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾക്ക് തീപിടിച്ചു. ഇത് തുടർച്ചയായ സ്ഫോടനങ്ങൾക്ക് കാരണമായി.
തീപിടിത്തം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പത്ത് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പരിക്കേറ്റവരെ ആദ്യം ജോധ്പുർ എയിംസിലേക്കാണ് കൊണ്ടുപോയത്.
എന്നാൽ പ്രത്യേക ബേൺ യൂണിറ്റ് ഇല്ലാത്തതിനാൽ ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫാക്ടറിയിൽ തീപിടിക്കുന്ന രാസവസ്തുക്കളും തിന്നറും സൂക്ഷിച്ചിരുന്നു. ഇത് തീ നിയന്ത്രണവിധേയമാക്കുന്നതിൽ തടസം സൃഷ്ടിച്ചിരുന്നു.
ഏഴുപേർക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്. മുൻകരുതലിന്റെ ഭാഗമായി സമീപത്തുള്ള വീടുകളിൽ താമസിക്കുന്നവരെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തീ പടർന്നുപിടിച്ചതിനെ തുടർന്ന് സമീപത്തെ ചില കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.









0 comments