ad
Deshabhimani

അഭിനയകലയുടെ പെരുന്തച്ചൻ: തിലകന്റെ ഓർമകൾക്ക് 14 വ‌ർഷം

thilakan
വെബ് ഡെസ്ക്

Published on Sep 24, 2026, 07:43 AM | 3 min read

അരങ്ങിൽ അരനൂറ്റാണ്ട് ചെറിയ ദൂരമല്ല. ഒരു മഹാനടനുമാത്രം സഞ്ചരിക്കാൻ കഴിയുന്ന ദൂരം. അഭിനയം വെള്ളിത്തിരയിൽ മാത്ര മാകുമ്പോഴാണ് നടൻ താരമാകുന്നത്. എന്നാൽ, താരമാകാതെ ചലച്ചിത്രനടനായി അംഗീകരിക്കപ്പെടാൻ ഇഷ്ടപ്പെട്ട മഹാനടനാണ് തിലകൻ. ആത്മവിശ്വാസവും ആത്മാർപ്പണവും പൂർണതയും നിറഞ്ഞ നടനുമാത്രം കൈയെത്തിപ്പിടിക്കാവുന്ന അഭിനയമികവിൽ താരങ്ങളെ അനായാസം മറികടന്ന അഭിനയപ്രതിഭ. നാടക അരങ്ങിൽ മുന്നു പതിറ്റാണ്ട്. അതു കഴിഞ്ഞ് വെള്ളിത്തിര. ഇടയ്ക്ക് മിനിസ്ക്രീനും. എവിടെയും കൈയൊപ്പ് ചാർത്തിയ കഥാപാത്രങ്ങൾ. ആ അതുല്യ പ്രതിഭയുടെ ഓർമകൾക്ക് ഇന്ന് 14 വർഷം തികയുകയാണ്.


നാടകത്തിലൂടെയാണ് തിലകനിലെ നടൻ രൂപപ്പെടുന്നത്. കാലത്തിന്റെയും അഭിരുചികളുടെയും മാറ്റമനുസരിച്ച് അഭിനയം പാകപ്പെടുത്തി തിലകനിലെ നടൻ വളർന്നു. വെള്ളിത്തിരയിലെത്തി മലയാളിയുടെ അഹങ്കാരമായി മാറി. അധ്യാപികയായ മറിയക്കുട്ടിയാണ് ആറാം വയസ്സിൽ തിലകനിലെ അഭിനേതാവിനെ കണ്ടെടുത്തത്. വിദ്യാലയ നാടകങ്ങളിലൂടെ നടൻ തേച്ചുമിനുക്കപ്പെട്ടു. ശബ്ദസൗന്ദര്യമായിരുന്നു തിലകനെ വ്യത്യസ്തനാക്കിയത്.


1955ൽ ജോസ്പ്രകാശിൻ്റെ നാഷനൽ തിയറ്ററിലൂടെയായിരുന്നു നാടകത്തിൽ സജീവമായത്. ഇരുപത്തഞ്ചോളം നാടകം സംവിധാനം ചെയ്തു. പി ജെ ആന്റണിയുടെ 'പെരിയാർ' ആയിരുന്നു ആദ്യ സിനിമ. ഐഎഎസിന് ഏറെ തയ്യാറെടുത്തിട്ടും ഇന്റർവ്യൂ ബോർഡിന്റെ ബാലിശമായ ചോദ്യങ്ങൾ ഭ്രാന്തനാക്കുന്ന ഡേവിഡ് എന്ന യുവാവിൻ്റെ വേഷം തിലകൻ അവിസ്മരണീയമാക്കി. കെ ജി ജോർജിന്റെ 'ഉൾക്കടലിൽ' നായകൻ രാഹുലിൻ്റെ അച്ഛനായും കോലങ്ങളിൽ പാൽക്കാരി പെണ്ണിനെ വേൾക്കാൻ കൊതിച്ച കള്ള് വർക്കിയായും 'യവനിക'യിൽ നാടക ട്രൂപ്പ് മാനേജരായും അസാധാരണ അഭിനയമാണ് കാഴ്‌ചവച്ചത്. 'യവനിക'യിലെ വേഷത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് ആദ്യമായി തിലകനെ തേടിയെത്തി.


'പഞ്ചാഗ്നി'യിലെ രാമേട്ടൻ, 'ഋതുഭേദ'ത്തിലെ കാരണവർ, 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പു'കളിലെ എൻജിൻ ഡ്രൈവർ, 'കിരീട'ത്തിലെ പൊലീസുകാരൻ, 'മണിച്ചിത്രത്താഴി'ലെ താന്ത്രികൻ, 'സന്താനഗോപാല'ത്തിലെ കൃഷ്ണക്കുറുപ്പ്, 'കൗരവറി'ലെ അലിയാർ... തിലകൻ എന്ന അഭിന യപ്രതിഭയെ മലയാളമറിഞ്ഞ നിരവധി കഥാപാത്രങ്ങൾ. ഇടയ്ക്ക് മിനിസ്ക്രീനിലുമെത്തി. മാധ്യമം ഏതെന്നു നോക്കാതെ അഭിനയിച്ചു. തിരക്കഥാകൃത്തുക്കൾക്കും സംവിധായകർക്കും ഒരേ സമയം വെല്ലുവിളിയും പ്രചോദനവുമായി.


പ്രേക്ഷകർ അഭിനയ ചക്രവർത്തിപ്പട്ടത്തിൽ തിലകനെ അവരോധിച്ച നിരവധി കഥാപാത്രങ്ങളുണ്ട്. പെരുന്തച്ചനിലെ 'പെരുന്തച്ചന്റെ 'തിളച്ചുമറിയുന്ന മുഖം മുതൽ അൻവർ റഷീദിൻ്റെ 'ഉസ്‌താദ് ഹോട്ടലി'ലെ കരീംക്ക വരെ. തിലകനിലെ നടന് വെല്ലുവിളി തീർത്ത വേഷമാണ് 'ഋതുഭേദ'ത്തിലെ കാരണവർ. കേസുകൾ ജയിക്കാനും സ്വത്തുക്കൾ സ്വന്തമാക്കാനും ഏതറ്റവും വരെ പോകാൻ മടിക്കാത്ത കഥാപാത്രം. കഥാപാത്രത്തെ വല്ലാതെ വെറുത്തുപോകുന്ന ചിത്രം. അവിടെയാണ് തിലകൻ എന്ന നടൻ വിജയിക്കുന്നത്. അഭിനയിക്കാനുള്ള കരുത്തില്ലെങ്കിൽ പരാജയപ്പെടുന്ന പ്രതിനായക വേഷങ്ങളിൽ അദ്ദേഹം അറിഞ്ഞഭിനയിക്കുന്നതാണ് മലയാള സിനിമ കണ്ടത്.


പത്മരാജന്റെ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ', 'മൂന്നാം പക്കം' എന്നീ രണ്ടു സിനിമകളിലും തിലകനിലെ നടൻ അതിശക്തമായ സാന്നിധ്യമാകുന്നത് കഥാപാത്ര സന്നിവേശത്തിലൂടെയാണ്. 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പു'കളിൽ മദ്യപനായ എൻജിൻ ഡ്രൈവറുടെ വേഷമായിരുന്നു. ആർക്കും വെറുപ്പുണ്ടാക്കുന്ന കഥാപാത്രം. 'മൂന്നാംപക്ക'ത്തിൽ വികാരങ്ങളുടെ വേലിയേറ്റങ്ങളെല്ലാം കാണാം. അരുമയായ പേരക്കുട്ടിയെ കടൽ വിഴുങ്ങിയ വേർ പാടിൽ തീരത്ത് കണ്ണും നട്ട് കാത്തിരിക്കുന്ന നൊമ്പരം ആരുടെയും മനസ്സിലേക്ക് അരിച്ചിറക്കാൻ തിലകനായി, തിലകൻ അഭിനയിച്ച് കഥാപാത്രമായി മാറിപ്പോയ വേഷമായിരുന്നു പെരുന്തച്ചൻ. തന്മയീഭാവത്തിൻ്റെ ഉള്ളുരുക്കുന്ന അനുഭവം. ദേശീയ അവാർഡ് തലനാരിഴയ്ക്ക് കൈവിട്ടത് മലയാളത്തിന് വേദനയായി. 'നഖക്ഷതങ്ങളി'ലെ ക്രൂരനും പിശുക്കനുമായ അമ്മാവൻ, 'സദയ'ത്തിലെ ഡോക്ടർ നമ്പ്യാർ എന്നിവ എം ടിയുടെ കഥാപാത്രങ്ങളിൽ തിലകൻ മനോഹരമാക്കിയ വേഷങ്ങളാണ്.


തിലകന്റെ അഭിനയജീവിതത്തിലെ അനശ്വര വേഷങ്ങളായിരുന്നു 'സ്ഫ‌ടിക'ത്തിലെ ചാക്കോ മാഷും കിരീടത്തിലെ പൊലീസു കാരനും. ഗുണ്ടയാകുന്ന മകനെ ഓർത്തുള്ള അച്ഛന്റെ വേദന പടർത്തിയായിരുന്നു സേതുവിൻ്റെ അച്ഛൻ അരങ്ങിൽ ജീവിച്ചത്. സ്ഫടികത്തിൽ കാർക്കശ്യക്കാരനായ പിതാവ് വല്ലാതെ അസ്വസ്ഥമാക്കി. തമിഴ് - തെലുങ്ക് സിനിമകളിലും തിലകൻ വേഷമിട്ടു. കെ സുഭാഷിന്റെ 'ക്ഷത്രിയൻ' എന്ന തമിഴ് സിനിമയിൽ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷമായിരുന്നു.


ഹാസ്യവേഷങ്ങളിലും തിലകൻ നിറഞ്ഞാടി. കിലുക്കത്തിൽ തിലകനും മോഹൻലാലും രേവതിയും ഇന്നസെന്റും ചേർന്നൊരുക്കിയ രംഗങ്ങൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയതാണ്. 'നാടോടിക്കാറ്റ്', 'ചക്കിക്കൊത്ത ചങ്കരൻ', 'മുക്കില്ലാ രാജ്യത്ത്', 'പപ്പൻ പ്രിയപ്പെട്ട പപ്പൻ' എന്നീ ചിത്രങ്ങളിലും തിലകൻ ചിരിപ്പിച്ചു. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ മുതിർന്ന താരജോടിയാണ് തിലകനും കവിയൂർ പൊന്നമ്മയും.


തിലകന് ദേശീയ അവാർഡ് ലഭിക്കാത്തത് മലയാളിക്ക് എന്നും നഷ്ടബോധമുണ്ടാക്കുന്ന ഓർമയാണ്. 'പെരുന്തച്ചനി'ലെ അഭിനയത്തിന് തിലകന് അവാർഡ് ലഭിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചതാണ്. എന്നാൽ ഉത്തരേന്ത്യൻ ലോബിയുടെ ചരടുവലിയിൽ അഗ്നിപഥ് എന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്. "കലാമൂല്യമുള്ള ചലച്ചിത്രങ്ങളിൽ ഒട്ടേറെ അഭിനയിച്ചിട്ടും ഭരത് അവാർഡ് നേടാൻ കഴിയാത്ത മഹാനടൻ'- സിനിമാ ചരിത്രത്തിൽ തിലകനെ ഇങ്ങനെയാകും അടയാളപ്പെടുത്തുക.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home