ലക്ഷ്യം ജനങ്ങളെ സ്വയംപര്യാപ്തരാക്കുക: ധനമന്ത്രി കെ എൻ ബാലഗോപാൽ

kn balagopal
avatar
മുഹമ്മദ്‌ ഹാഷിം

Published on Feb 10, 2025, 01:19 AM | 2 min read

തൃശൂർ: നമ്മുടെ സംസ്ഥാനത്തെ, ജനങ്ങളെ സ്വയംപര്യാപ്തരാക്കുക എന്നതാണ്‌ ബജറ്റിന്റെ പ്രധാന ലക്ഷ്യമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഒരാൾക്ക്‌ ആയിരംരൂപ പ്രോത്സാഹനധനം നൽകുമ്പോൾ, പുതിയ തലമുറയിലുള്ളവരെ സംരംഭമോ കൃഷിയോ തുടങ്ങി രണ്ടായിരമോ മൂവായിരമോ സമ്പാദിക്കാനാകുന്ന തരത്തിൽ സജ്ജരാക്കുകയാണ്‌ ലക്ഷ്യം. ബജറ്റിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ടെന്നും ‘ദേശാഭിമാനി’ക്ക്‌ അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.


തീക്ഷ്‌ണമായ സാമ്പത്തിക പ്രതിസന്ധിയിലും അൽപം മുന്നേറാൻ സാധിച്ചിട്ടുണ്ട്‌. ഈവർഷത്തെ പ്രതീക്ഷിത ചെലവ്‌ 1,78,000 കോടിയാണ്‌ . 1,60,000 കോടിയിൽനിന്നാണ്‌ വർധന. 57,000 കോടിരൂപയാണ്‌ കേന്ദ്രം വെട്ടിക്കുറച്ചത്‌. എന്നിട്ടും ചെലവ്‌ ഉയർത്തി. തനത്‌ നികുതി വർധിച്ചു. 47,000 കോടിയിൽനിന്ന്‌ 81,000 കോടിയിലേക്ക്‌ എത്തുമെന്നാണ്‌ പ്രതീക്ഷ. നികുതിയേതര വരുമാനം 2021ലെ 54,000 കോടിയിൽനിന്ന്‌ ഒരുലക്ഷം കോടിയിലേക്കെത്തും.


? ക്ഷേമപെൻഷൻ കൂട്ടിയില്ലെന്ന്‌ ആരോപണമുണ്ടല്ലോ


ക്ഷേമപെൻഷൻ കുടിശ്ശിക കൊടുത്തുതീർക്കുന്നതിലാണ്‌ ശ്രദ്ധ. മൂന്ന്‌ മാസത്തെ കുടിശ്ശിക കൊടുക്കാനുണ്ട്‌. ഇതിന്‌ മൂവായിരം കോടി വേണം. ഇത്‌ കൊടുത്തുതീർക്കും. ഉമ്മൻ ചാണ്ടിയുടെ ഭരണത്തിൽ 18 മാസത്തെ പെൻഷൻ കുടിശ്ശികയുണ്ടായിരുന്നു. അത്‌ പിണറായി സർക്കാരാണ്‌ നൽകിയത്‌. പെൻഷൻ തുക വർധിപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ മുടക്കാൻ തയ്യാറല്ല. ഭാവിയിൽ സാധ്യതകൾ നോക്കും. പറയുന്നത്‌ ചെയ്യുന്ന സർക്കാരാണിത്‌.


സർക്കാർ ജീവനക്കാരുടെ ഡിഎ ഏത്‌ സർക്കാരിന്റെ കാലത്തും അപ്പപ്പോൾ കൊടുത്തുതീർക്കാറില്ല. ഈ വർഷം രണ്ട്‌ ഗഡു ഡിഎ കൊടുത്തു. അടുത്തവർഷം രണ്ട്‌ ഗഡു കൊടുക്കും. പെൻഷൻ കുടിശ്ശിക നാലാം ഗഡുവിനായി 600 കോടി കൊടുത്തു. താൽക്കാലിക ജീവനക്കാർക്ക്‌ അഞ്ച്‌ ശതമാനം വർധനയുണ്ടാക്കി.


? ബജറ്റ്‌ മുന്നോട്ട്‌ വയ്‌ക്കുന്ന നൂതന പദ്ധതികൾ


നിലവിൽ ആൾപാർപ്പില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, ടൂറിസ്‌റ്റുകൾക്ക്‌ വാടയ്‌ക്ക്‌ നൽകുന്ന ‘കെ ഹോം’ എന്ന ആശയം നൂതന പദ്ധതിയാകുകയാണ്‌. നാടിന്റെ വരുമാനം കൂട്ടാൻ ഇതുപകരിക്കും. ലൈഫ്‌ പദ്ധതിപോലെ നഗരത്തിലുള്ള ഇടത്തരക്കാർക്ക്‌ വീട്‌ നിർമിക്കാൻ കോ–-ഓപ്പറേറ്റീവ്‌ ഹൗസിങ്‌ സ്കീം തുടങ്ങും. പലിശയിലോ മറ്റോ സർക്കാരിന്റെ സഹായം ലഭ്യമാക്കുന്നത്‌ ആലോചനയിലാണ്‌. ഭാവിയിൽ വലിയ പദ്ധതിയാകും ഇത്‌.


എഥനോൾ ഉൽപ്പാദനം വർധിപ്പിക്കാൻ 10 കോടി മാറ്റിവച്ചിട്ടുണ്ട്‌. കശുവണ്ടി, കയർ, കൈത്തറി മേഖലയിലുമുണ്ട്‌ പുതിയ പദ്ധതികൾ. കയർ മേഖലയിൽ വർധനയുണ്ട്‌. സയൻസ്‌ ആൻഡ്‌ റിസർച്ച്‌ മേഖലയിൽ കൂടുതൽ പണം നീക്കിവച്ചത്‌ ഈ സർക്കാരാണ്‌. റോബോട്ടിക്ക്‌ പാർക്ക്‌ തൃശൂരിൽ വരുന്നുണ്ട്‌. ഏറെ പ്രാധാന്യമുള്ള ഗ്രാഫിക്‌ പ്രോസസിങ്‌ യൂണിറ്റിന്റെ (ജിപിയു) ഭാഗമായുള്ള പദ്ധതി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം കേരളമാകും. അമേരിക്കയിൽനിന്ന്‌ ഇന്ത്യക്കാരെ പുറന്തള്ളുന്ന ലോകസാഹചര്യത്തിൽ നമ്മുടെ ചെറുപ്പക്കാർക്ക്‌ ഇവിടെത്തന്നെ ജോലി ചെയ്യാനും നിൽക്കാനുമുള്ള സാഹചര്യമുണ്ടാക്കണം.


? ഭൂനികുതി വർധന സാധാരണക്കാരെ ബാധിക്കുന്നുവെന്ന ആരോപണത്തെ എങ്ങനെ കാണുന്നു


10 വർഷത്തിനിടയിൽ കുറവ്‌ നികുതി നിർദേശമുള്ള ബജറ്റാണിത്‌. യുഡിഎഫ്‌ ഭൂനികുതിയിൽ ആശങ്കയുണ്ടാക്കുകയാണ്‌. 10 സെന്റ്‌ ഭൂമിയുള്ളയാൾക്ക്‌ 20 രൂപയാണ്‌ വാർഷിക ഭൂനികുതി. ഇത്‌ 50 ശതമാനം വർധിപ്പിച്ചാൽ 30 രൂപയാകും. 100 കോടി രൂപയാണ്‌ ഇതിൽനിന്ന്‌ ആകെ കിട്ടുക.


? മാധ്യമ വിമർശങ്ങളെ എങ്ങിനെ കാണുന്നു


വിമർശത്തിനിടയിലും പദ്ധതികളെക്കുറിച്ച്‌ മാധ്യമങ്ങൾക്ക്‌ പറയേണ്ടി വരുന്നുവെന്നതാണ്‌ ആശ്വാസം. പത്രങ്ങൾക്ക്‌ പിആർഡി വഴി നൽകാനുള്ള കുടിശ്ശികയ്‌ക്കും മറ്റുമായി 30 കോടി നൽകി. പറഞ്ഞത്‌ ചെയ്യുന്നവരാണ്‌ എൽഡിഎഫ്‌ സർക്കാർ, നിലവിലും ഭാവിയിലും. അത്‌ ജനത്തിനറിയാം.




deshabhimani section

Related News

View More
0 comments
Sort by

Home