പ്രഖ്യാപനം മാത്രമല്ല; നടപ്പാക്കുമെന്നത് സർക്കാരിന്റെ ഉറപ്പ്: മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമേ സർക്കാർ പറയാറൊള്ളൂവെന്നും അതിന്റെ തെളിവാണ് സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെയും (ഡിഎ) പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിന്റെയും (ഡിആർ) കുടിശിക അനുവദിച്ചുള്ള സർക്കാർ ഉത്തരവെന്നും ധനമന്ത്രി കെ എൻ ബാലാഗോപാൽ പറഞ്ഞു. കുടിശികയുടെ ഒരു ഘഡു (മൂന്നുശതമാനം) ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം മാർച്ചിൽ നൽകും. 10 ശതമാനം മാർച്ചിലെ ശമ്പളത്തോടൊപ്പം ഏപ്രിലിൽ നൽകും. ജീവനക്കാർക്ക് 5000 മുതൽ 20,000 രൂപവരെ അധികതുക ലഭിക്കുമെന്നും കൊട്ടാരക്കരയിൽ വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ബജറ്റിൽ പറഞ്ഞ കാര്യങ്ങൾ പ്രഖ്യാപിക്കുക മാത്രമല്ല, അതിനുവേണ്ട സമ്പത്ത് കരുതിവച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കേരളമാകെ തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് പറയുന്നതുപോലെയല്ല കാര്യങ്ങൾ. ഖജനാവ് കാലിയാണെന്നല്ലാം പ്രചാരണം നടത്തുന്നുണ്ടെങ്കിലും എല്ലാ എതിർപ്പുകളും കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധവും അതിജീവിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് സി ആൻഡ് എജിയുടെയും റിസർവ് ബാങ്കിന്റെയും 16–ാം ധനകാര്യ കമീഷന്റെയും റിപ്പോർട്ടിൽ ഉൾപ്പെടെ ചൂണ്ടികാണിച്ചിട്ടുണ്ട്. ബജറ്റ് ചർച്ചയിൽ പങ്കെടുക്കാതെ പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു. എല്ലാദിവസവും കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണമാണ് നടത്തുന്നത്. രാജ്യത്ത് കേരളത്തേക്കാൾ കടമുള്ള 19 സംസ്ഥാനമുണ്ടെന്ന് സി ആൻഡ് എജിയുടെ റിപ്പോർട്ടിലുണ്ട്. എൽഡിഎഫ് സർക്കാരിനെയല്ല, കേരളത്തെ അപമാനിക്കാനും ഇവിടേക്ക് എത്തുന്നവരുടെ ആത്മവിശ്വാസം തകർക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments