'ഐ സി ബാലകൃഷ്‌ണനെ സ്ഥാനാർഥിയാക്കുമ്പോൾ തകരുന്നത് അവസാന പ്രതീക്ഷ'; വിമർശവുമായി എൻ എം വിജയന്റെ കുടുംബം


സ്വന്തം ലേഖകൻ
Published on Mar 14, 2026, 10:29 PM | 1 min read
കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യപ്രേരണക്കേസിൽ പ്രതിയായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശവുമായി കുടുംബം. എൻ എം വിജയന്റെ ജീവനേക്കാൾ വിലയുണ്ടോ ഐ സി ബാലകൃഷ്‌ണന്റെ പണത്തിനെന്നാണ് കുടുംബത്തിന്റെ ചോദ്യം. സ്വന്തംപാർടി നേതാവിന്റെ മരണത്തിന് ഉത്തരവാദിയായ എംഎൽഎയെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്തിനാണെന്ന് മകൻ എൻ എം വിജേഷും മരുമകൾ പത്മജയും സാമൂഹ്യമാധ്യമത്തിലൂടെ ചോദിച്ചു.
വയനാട് എംപി പ്രിയങ്കഗാന്ധി വാദ്രയെ അഭിസംബോധന ചെയ്‌തുള്ള കുറിപ്പിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെയും എംപിയ്‌ക്കെതിരെയും കടുത്ത വിമർശനമാണുയർത്തുന്നത്. എൻ വിജയന്റെ മരണശേഷം 2025 ജനുവരി 28ന് പ്രിയങ്ക കുടുംബത്തെ വീട്ടിലെത്തി കണ്ടിരുന്നു. അന്ന് നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും എൻ എം വിജയന്റെ ഓർമകളെ ചവിട്ടിമെതിക്കുന്ന നീക്കം മാപ്പില്ലാത്ത ചതിയാണെന്ന് കുറിപ്പിൽ പറയുന്നു.
കണ്ണീരോടെ പരാതി പറഞ്ഞപ്പോൾ "നീതി ഉറപ്പാക്കുമെന്നും മരണത്തിന് കാരണക്കാരായവരെ മാറ്റി നിർത്തുമെന്നും' എംപി നൽകിയ വാക്ക് പാലിച്ചില്ല. അന്ന് വാക്കുനൽകിയത് പിആർ സ്റ്റണ്ട് മാത്രമായിരുന്നോ. അച്ഛനെ നഷ്ടപ്പെട്ട മകളുടെ വേദനയറിയുന്ന ആളാണെന്ന് വിശ്വസിച്ചാണ് പരാതി പറഞ്ഞതെന്നും എന്നാൽ വാഗ്‌ദാനം നൽകിയത് നാടകമായിരുന്നുവോ എന്നും കുടുംബം ചോദിക്കുന്നു. കുറ്റാരോപിതർക്ക് വീണ്ടും അധികാരം നൽകുന്നതാണോ നീതി. അവസാന പ്രതീക്ഷയാണ് തകരുന്നത്. കൊലപാതകത്തേക്കാൾ ക്രൂരമാണ് ചതിക്കുന്നതെന്നും കുടുംബം പറയുന്നു.
കോൺഗ്രസിന്റെ നിയമനകോഴയിൽ കുരുങ്ങി 2024 ഡിസംബർ 24നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തുന്നത്. ചികിത്സയിലിരിക്ക 27-ന് ഇരുവരും മരിച്ചു. ആത്മഹത്യാ പ്രേരണക്കേസിൽ പ്രതികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെയും മുൻ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇരുവരും ജാമ്യത്തിലാണ്. നിയമനക്കോഴയിലെ വിജിലൻസ് കേസിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ ഒന്നാം പ്രതിയാണ്. വയനാട്ടിൽ സന്ദർശനത്തിനെത്തിയ പ്രിയങ്ക ഗാന്ധി വാദ്ര എം പിയെ കാണാൻ എൻ എം വിജയന്റെ കുടുംബം കാത്തുനിന്നെങ്ങിലും കാണാതെ മടങ്ങിയത് വിമർശനത്തിനിടയാക്കിയിരുന്നു.










0 comments