കർമവീഥികളിലൂടെ അന്ത്യയാത്ര

എസ് മനോജ്
Published on Feb 22, 2025, 09:33 PM | 2 min read
കോട്ടയം: നാലു ദശാബ്ദങ്ങൾ മുമ്പ് തൂവെള്ളക്കൊടി ഉയർത്തിപ്പിടിച്ച് പാതയോരങ്ങളെ ത്രസിപ്പിച്ച് തൊഴിലാളി വർഗനേതാവായി വളർന്ന എ വി റസൽ രക്തപതാകയിൽ വിശ്രമിച്ച് അതേവഴിയിലൂടെ മടക്കയാത്രയിൽ. കണ്ണീരൊഴുക്കി കോട്ടയവും ചങ്ങനാശേരിയും.
ശനി പുലർച്ചെ മുതൽ തിരുനക്കരയിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും വഴിയോരങ്ങളിലും കണ്ണുകലങ്ങി കാത്തുനിന്നത് ആയിരങ്ങളാണ്. നട്ടുച്ചയിൽ കത്തിക്കാളുന്ന സൂര്യതാപത്തിലും മരവിച്ച മട്ടിൽ മൂകമായി നിന്ന അവർക്കിടയിലേക്ക് എ വി റസലുമായി ചുവപ്പു പതാകയാൽ പൊതിഞ്ഞ ആംബുലൻസ് എത്തി.
ചെന്നൈയിൽ നിന്ന് രാവിലെ ഒമ്പതോടെയാണ് ചേതനയറ്റ റസലിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മരണവിവരമറിഞ്ഞ് വെള്ളിയാഴ്‌ച അവിടേയ്‌ക്ക് പോയ മന്ത്രി വി എൻ വാസവനും സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാറും ഓഫീസ് ചുമതലയിലുള്ള ജില്ലാ കമ്മിറ്റി അംഗം കെ പി പ്രശാന്തും ഒപ്പമുണ്ടായിരുന്നു. ഇവരുടെ കരങ്ങളിൽ നിന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി, എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കോട്ടയത്തെ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് റസലിനെ ഏറ്റുവാങ്ങി.
തുടർന്ന് എം സി റോഡിലൂടെ അദ്ദേഹത്തിന്റെ കർമ കേന്ദ്രമായ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക്. ഓഫീസിന്റെ പ്രവേശന ഭാഗത്ത് റസലിന്റെ ചിരിക്കുന്ന കൂറ്റൻ ചിത്രത്തിന്റെ മുന്നിൽ തയ്യാറാക്കിയ ശീതീകരിച്ച പേടകത്തിലേക്ക് മൃതദേഹം ഇറക്കി.
റസൽ എന്ന യുവാവിനെ ഇടതുപക്ഷ രാഷ്‌ട്രീയ മണ്ഡലത്തിലേക്ക് കൈപിടിച്ചെത്തിച്ച് ഇടതുപക്ഷ വഴികളിലൂടെ ആനയിച്ച മുതിർന്ന നേതാവ് വൈക്കം വിശ്വൻ പൊട്ടിക്കരഞ്ഞുകൊണ്ട് അന്ത്യാഭിവാദ്യമേകി. സെക്രട്ടറിയേറ്റ് അംഗം അഡ്വ. റജി സഖറിയ ‘റസലിന് മരണമി’ ല്ലെന്ന് മുദ്രാവാക്യം മുഴക്കിയപ്പോൾ ആയിരങ്ങൾ കടലിരമ്പം പോലെ ഏറ്റുവിളിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ,സെക്രട്ടറിയേറ്റംഗങ്ങളായ ഡോ. പി കെ ബിജു, കെ കെ ജയചന്ദ്രൻ , മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്‌റ്റിൻ, വീണാ ജോർജ്, യുവജന നേതാക്കളായ എ എ റഹിം, വി കെ സനോജ്, മുൻമന്ത്രിമാരായ എം എം മണി, എസ് ശർമ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, മറ്റ് നേതാക്കളായ കെ കെ രാഗേഷ്, കെ വി അബ്ദുൾ ഖാദർ, രാജു എബ്രാഹം, കെ പി ഉദയഭാനു, സി ബി ചന്ദ്രബാബു, അഡ്വ. വി ബി ബിനു, അഡ്വ. നാരായണൻ നമ്പൂതിരി, ലിജിൻ ലാൽ, കലക്ടർ ജോൺ വി സാമുവൽ എന്നിവർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
തുടർന്ന് ചങ്ങനാശേരി എ സി ഓഫീസിൽ പൊതു ദർശനം. പിന്നീട് തെങ്ങണയിലെ ആഞ്ഞിലിമൂട്ടിൽ വീട്ടിലേക്ക്. സംസ്‌ക്കാരം ഞായർ പകൽ 12 ന് വീട്ടുവളപ്പിൽ









0 comments