കോട്ടയത്ത് നിന്ന് റസലണ്ണൻ മടങ്ങി... അവസാനമായി

ജ്യോതിമോൾ ജോസഫ്
Published on Feb 22, 2025, 09:43 PM | 1 min read
കോട്ടയം: ഇല്ലായില്ല, മരിക്കില്ല ജീവിക്കുന്നു ഞങ്ങളിലൂടെ... തങ്ങളുടെ പ്രിയപ്പെട്ട സഖാവ് അദ്ദേഹത്തിന്റെ കർമമണ്ഡലത്തിൽ അവസാനമായി എത്തിയപ്പോൾ കണ്‌ഠം ഇടറിയുള്ള മുദ്രാവാക്യം വിളികൾ മുഴങ്ങി. പ്രിയ സഖാവിന്റെ വേർപാടിൽ ഉള്ള് പിടയുമ്പോഴും നെഞ്ച് പൊട്ടുമാറ് മുദ്രാ വാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ പ്രിയ സഖാവിനെ അവസാനമായി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് എത്തിച്ചത്. ഏറെ പ്രിയപ്പെട്ട റസലണ്ണനെ കാത്ത് അദ്ദേഹത്തിന്റ കർമമണ്ഡലത്തിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ. അതിരാവിലെ മുതൽ അവസാനമായി അദ്ദേഹത്തിനെ ഒരു നോക്കുകാണാൻ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ജനം ഒഴുകി.
അതിവൈകാരിക രംഗങ്ങൾക്കാണ് പാർടി ഓഫീസ് സാക്ഷ്യം വഹിച്ചത്. മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തുന്നതിനു മണിക്കൂറുകൾക്ക് മുന്നേ ഓഫീസും പരിസരവും നൂറുകണക്കിന് പ്രവർത്തകരാൽ നിറഞ്ഞിരുന്നു. ജനത്തെ നിയന്ത്രിക്കാൻ ചുവപ്പുസേനാംഗങ്ങളും പാടുപെട്ടു. പ്രായഭേദമന്യേ കുട്ടികളും സ്‌ത്രീകളുമടക്കം വൻ ജനാവലി തിങ്ങിക്കൂടി . മുതിർന്ന നേതാവ് വൈക്കം വിശ്വൻ മുതൽ പാർടി പ്രവർത്തകരുടെ കണ്ണുകൾ നിറഞ്ഞൊഴുകി. സഖാവിന്റെ മുഖത്തേക്ക് അലമുറയിട്ടവരെ പാടുപെട്ടാണ് അവിടെനിന്ന് മാറ്റിയത്. പരസ്‌പരം ആശ്വസിപ്പിക്കാൻെ ആർക്കും വാക്കുകളുണ്ടായിരുന്നില്ല. നെഞ്ചുലച്ചുള്ള വിളികൾ റസലണ്ണൻ കേട്ടില്ല. കാത്തുനിന്നവർക്കെല്ലാം കാണാൻ അവസരം ഒരുക്കി രണ്ടരമണിക്കൂറോളം നീണ്ട പൊതുദർശനം പൂർത്തിയാക്കി ചങ്ങനാശേരിയിലേക്ക്. കോട്ടയമൊന്നാകെ പറഞ്ഞു, നിങ്ങൾ നയിച്ച പാതയിലൂടെ മുന്നോട്ടാണീ പ്രസ്ഥാനം.









0 comments