ad
Deshabhimani

കുതിക്കാൻ പുതുവഴി; വയനാട് തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറൻസ്

Tunnel route
വെബ് ഡെസ്ക്

Published on Feb 24, 2026, 02:32 PM | 1 min read

കോഴിക്കോട്: മലയോര ജനതയുടെ ചിരകാല സ്വപ്‌നമായിരുന്ന ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപ്പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് കൂടി ലഭിച്ചു. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.


പദ്ധതി യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക്‌ വേഗത്തിൽ എത്താനാകും. കിഫ്‌ബി പദ്ധതിയിൽ 2134.5 കോടി രൂപ ചെലവിൽ നാലുവരിയായാണ്‌ നിർമാണം. നിർവഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്‌. വയനാട്ടിൽ 5.58 കിലോമീറ്ററും കോഴിക്കോട്‌ 3.15 കിലോമീറ്ററുമായി 8.73 കിലോമീറ്ററാണ്‌ ദൈർഘ്യം. ഇതിൽ 8.1 കിലോമീറ്റർ ഇരട്ട ടണൽ.





60 മാസംകൊണ്ട്‌ പൂർത്തിയാക്കും


വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിയാണ് എൽഡിഎഫ് സർക്കാർ തുറന്നിടുന്നത്. ടൂറിസം, കാർഷിക, വ്യാപാര മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കും. 60 മാസംകൊണ്ട്‌ പൂർത്തിയാക്കുന്ന പാത താമരശേരി ചുരത്തിലെ മുടിപിൻ വളവുകളിൽ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാർഗമാകും. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്‌ (കെആർസിഎൽ) ആണ്‌ നിർവഹണ ഏജൻസി. തുരങ്ക മുഖത്തേക്കുള്ള പ്രധാനപാതയുടെ പ്രവൃത്തി ആരംഭിച്ചു. പാരിസ്ഥിതികാനുമതിയടക്കം സ്വന്തമാക്കിയാണ്‌ ടെൻഡറിലേക്ക്‌ കടന്നത്‌.


എൽഡിഎഫ് സർക്കാറിന്റെ ഇച്ഛാശക്തി


പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പൻ തെളിച്ച പാതയിലൂടെയാണ്‌ ഇപ്പോഴും താമരശേരി ചുരം കയറിയിറങ്ങുന്നത്‌. കർണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്‌ എന്നിവിടങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌ റോഡ്‌ മാർഗമുള്ള ചരക്കുനീക്കത്തിന്റെ പ്രധാന ഇടനാഴികൂടിയാണ്‌ ചുരം. പലപ്പോഴും ഗതാഗതകുരുക്ക്‌ മണിക്കൂറുകൾ നീളും. ചുരത്തിന്റെ വികസനത്തിൽ പരിമിതികളുണ്ട്‌. വനം മന്ത്രാലയത്തിന്റെ അനുമതിയടക്കമുള്ളവയും പ്രതിസന്ധികളാണ്‌. വാഹനപ്പെരുപ്പംകൂടിയതോടെയാണ്‌ ബദൽ പാതയെന്ന ആശയം ഉയർന്നത്‌. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിൽ എൽഡിഎഫാണ്‌ ആനക്കാംപൊയിലിൽനിന്ന്‌ വയനാട്‌ മേപ്പാടിയിലെ കള്ളാടിവരെ തുരങ്കപാത നിർമിക്കാമെന്ന ആശയം മുന്നോട്ടുവച്ചത്‌. 2016ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയിൽ പദ്ധതി ഇടംപിടിച്ചു. തുടർന്നിങ്ങോട്ട്‌ ഇച്ഛാശക്തിയോടെ നടത്തിയ പ്രവർത്തനങ്ങളാണ്‌ തുരങ്കപാതയെന്ന ആശയത്തിന്‌ ജീവനേകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home