ഫയൽ തീർപ്പാക്കൽ മോണിറ്ററിങ് വരുന്നു

file monitoring
avatar
ഒ വി സുരേഷ്‌

Published on Sep 02, 2025, 03:30 AM | 1 min read


തിരുവനന്തപുരം

ഫയൽ തീർപ്പാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ അദാലത്ത്‌ വൻവിജയം. ജൂലൈ ഒന്നുമുതൽ ആഗസ്‌ത്‌ 31വരെ കുടിശ്ശികയുള്ള 7.29 ലക്ഷം ഫയലാണ്‌ തീർപ്പാക്കിയത്‌. ആകെയുള്ള ഫയലുകളിലെ 58.69 ശതമാനമാണിത്‌. ഇതിന്റെ അടിസ്ഥാനത്തിൽ ഫയൽ തീർപ്പാക്കലിൽ മോണിറ്ററിങ്‌ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്‌. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭായോഗം ഇതിൽ തീരുമാനമെടുത്തേക്കും.


ഓരോ ഫയലും പ്രത്യേക വിഭാഗങ്ങളായി തിരിച്ച് മുൻഗണനാക്രമം നിശ്ചയിച്ചായിരുന്നു പ്രവർത്തനം. വിശദാംശം, പുരോഗതി, കൃത്യത എന്നിവ ഉറപ്പുവരുത്താൻ പ്രത്യേക പോർട്ടൽ തയ്യാറാക്കി. വകുപ്പുകളിൽ നോഡൽ ഓഫീസർമാരെയും നിയമിച്ചിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനായിരുന്നു മേൽനോട്ടം. പുരോഗതി വകുപ്പ് മേധാവികളുടെയും സെക്രട്ടറിമാരുടെയും ചീഫ് സെക്രട്ടറിയുടെയും തലത്തിൽ നിരീക്ഷിച്ചു. മന്ത്രിമാരും പുരോഗതി വിലയിരുത്തി. ആഴ്‌ചയിലൊരിക്കൽ ചേരുന്ന മന്ത്രിസഭായോഗവും ഇത്‌ അവലോകനംചെയ്‌തു.


2022-ലാണ് ഇതിനുമുമ്പ് അദാലത്ത് നടത്തിയത്. അന്ന് സെക്രട്ടറിയറ്റിലും വകുപ്പ് തലങ്ങളിലുമായി ആറുമാസമായിരുന്നു അദാലത്ത്‌. 54.76 ശതമാനമാണ്‌ തീർപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home