ഫയല്‍ അദാലത്ത് ഊര്‍ജ്ജിതപ്പെടുത്തും; മന്ത്രിസഭായോ​ഗ തീരുമാനം

cabinet
വെബ് ഡെസ്ക്

Published on Jul 30, 2025, 05:10 PM | 1 min read

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ ഓഫീസുകളിലും റെഗുലേറ്ററി അതോറിറ്റികളിലും 2025 മെയ് 31 വരെ കുടിശ്ശികയുള്ള ഫയലുകൾ അതിവേഗത്തില്‍ തീര്‍പ്പാക്കാന്‍ മന്ത്രിസഭായോ​ഗത്തില്‍ തീരുമാനമായി.


ജൂലൈ 29 വരെയുള്ള കണക്കുകള്‍ പ്രകാരം സെക്രട്ടറിയറ്റില്‍ 65,611 (21.62%) ഫയലുകളും വകുപ്പ് അധ്യക്ഷന്മാരുടെ ഓഫീസുകളില്‍ 1,68,652 (19. 55%) ഫയലുകളും റെഗുലേറ്ററി അതോറിറ്റികളില്‍ 10,728 (40.74%) ഫയലകളും തീര്‍പ്പാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പായത് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലാണ്, 50 ശതമാനം. പൊതുഭരണ വകുപ്പാണ് തൊട്ട് താഴെ, 48.62 ശതമാനം. പ്രവാസി കാര്യ വകുപ്പിൽ 46.30 ശതമാനവും ധനകാര്യ വകുപ്പിൽ 42.72 ശതമാനവും നിയമ വകുപ്പിൽ 42.03 ശതമാനവും പൂർത്തിയായി.


വകുപ്പ് അധ്യക്ഷന്‍മാരുടെ ഓഫീസുകളിൽ ഏറ്റവും കൂടതൽ ഫയലുകൾ തീർപ്പാക്കിയത് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിലാണ്, 76.27 ശതമാനം. സൈനിക ക്ഷേമം 72.24 ശതമാനവും സ്റ്റേറ്റ് ഇൻഷുറൻസ് 64.41 ശതമാനവും ഫയലുകള്‍ തീര്‍പ്പാക്കി. റെഗുലേറ്ററി സ്ഥാപനങ്ങളില്‍ 57.21 ശതമാനം ഫയലുകള്‍ തീര്‍പ്പാക്കി കെഎസ്ഇബിയാണ് മുന്നില്‍.


ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാക്കാനുള്ളത് സെക്രട്ടേറിയറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിലും ഡയറക്ടറേറ്റുകളില്‍ എല്‍എസ്ജിഡി പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റിലുമാണ്.


ഫയല്‍ തീര്‍പ്പാക്കലിന്‍റെ പുരോഗതി സെക്രട്ടറി/ ചീഫ് സെക്രട്ടറി/ മന്ത്രിതലത്തില്‍ വിലയിരുത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തിലെ പൊതുവായ മേല്‍നോട്ട ചുമതല ചീഫ് സെക്രട്ടറിക്കാണ്. രണ്ടാഴ്ചയിലൊരിക്കല്‍ ഇതു സംബന്ധിച്ച് വിലയിരുത്തല്‍ നടത്തുന്നുണ്ട്. ചീഫ് സെക്രട്ടറി തലത്തില്‍ നടത്തുന്ന പുരോഗതി വിലയിരുത്തല്‍ മന്ത്രിസഭയുടെ അവലോകനത്തിന് ഓരോ മാസവും സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്. മന്ത്രിമാരും ഫയല്‍ അദാലത്തിന്‍റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തുന്നുണ്ട്. അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് മന്ത്രി ഓഫീസുകള്‍ നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home