ഫയൽ അദാലത്ത് ഫലപ്രദം , പുരോഗതി പരിശോധിക്കാൻ സംവിധാനം

തിരുവനന്തപുരം
കെട്ടിക്കിടന്ന ഫയലുകളിൽ തീരുമാനമെടുക്കാൻ സർക്കാർ നടത്തിയ രണ്ടുമാസത്തെ അദാലത്തിന്റെ പുരോഗതി മന്ത്രിസഭായോഗം വിലയിരുത്തി. ഫയലുകളിൽ തീരുമാനമെടുക്കുന്നത് പരിശോധിക്കാനുള്ള സംവിധാനവും തുടരും. അദാലത്തിന് നൽകിയ നിർദേശങ്ങൾ ഫലപ്രദമായിരുന്നെന്നാണ് വിലയിരുത്തൽ. എൽഡിഎഫ് സർക്കാർ വന്നശേഷം നടത്തിയ വിവിധ അദാലത്തുകളിലെല്ലാം തുടർ നടപടിയും പരിശോധനയും ഉറപ്പാക്കിയിരുന്നു. മന്ത്രിമാർ പങ്കെടുത്ത് താലൂക്ക് തലങ്ങളിൽ നടത്തിയ അദാലത്തുകളിലൂടെ പരാതികളിൽ വലിയ തീർപ്പുണ്ടാക്കി. നവകേരള സദസ്സുകളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേക സംവിധാനമൊരുക്കിയിരുന്നു. അവയിൽ തീരുമാനമെടുക്കാൻ തുടർനടപടിയുമുണ്ടായി.
പരാതികൾ ജില്ലാതലത്തിൽ പരിശോധിക്കുകയും തുടർന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കലക്ടർമാർ ഉൾപെടെയുള്ള ഉന്നതോദ്യോഗസ്ഥർ പങ്കെടുത്ത് മേഖലാതലങ്ങളിൽ പുരോഗതി വിലയിരുത്തുകയുംചെയ്‌തു. ഇൗ ഇടപെടൽ കാര്യക്ഷമമായിരുന്നു. അതിന്റെ തുടർച്ചയാണ് രണ്ടുമാസത്തെ ഫയൽ തീർപ്പാക്കൽ അദാലത്ത്. അദാലത്തിന് ചുമതലപ്പെടുത്തിയ നോഡൽ ഓഫീസർമാർ തുടരുകയും രണ്ടാഴ്ചയിൽ ഒരിക്കൽ പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി റിവ്യൂ ചെയ്‌ത് സെക്‌ഷനുകൾക്ക് ആവശ്യമായ നിർദേശം നൽകുകയും വേണം.
വകുപ്പ് അധ്യക്ഷരുടെ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും പുരോഗതി വകുപ്പ് മേധാവികളും സെക്രട്ടറിമാരും എല്ലാ മാസവും റിവ്യൂ ചെയ്യണം. സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തിൽ ഫയലുകൾ തീർപ്പാക്കൽ പുരോഗതി സ്ഥിരം അജൻഡയാകണം.
മൂന്നു മാസത്തിനുശേഷം പോർട്ടലിലെ തീർപ്പാക്കൽ പുരോഗതി വകുപ്പുമന്ത്രി റിവ്യൂ ചെയ്യണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂലൈ മാസം മുതലുള്ള ഫയലുകൾ കൂടി അദാലത്ത് പോർട്ടലിലേക്ക് ഉൾപ്പെടുത്തും. ഓരോ മാസവും അഞ്ചിനകം നാഷണൽ ഇൻഫോർമാറ്റിക് സെന്റർ ഫയലുകളുടെ വിവരം പോർട്ടലിലേക്ക് കൈമാറണം.









0 comments