ജൂലൈ 1 മുതൽ ആഗസ്‌ത്‌ 31 വരെ

ഫയൽ അദാലത്ത്‌ മന്ത്രിമാർ വിലയിരുത്തും ; സർക്കാർ മാർഗനിർദേശം പുറപ്പെടുവിച്ചു

File Adalat
വെബ് ഡെസ്ക്

Published on Jun 29, 2025, 03:27 AM | 2 min read


തിരുവനന്തപുരം

തീരുമാനമെടുക്കാൻ ബാക്കിയുള്ള ഫയലുകൾ തീർപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച അദാലത്തിന്‌ ഒരുക്കം തുടങ്ങി. ചൊവ്വാഴ്‌ച ആരംഭിച്ച്‌ ആഗസ്‌ത്‌ 31ന്‌ അവസാനിക്കുംവിധമാണ്‌ ഷെഡ്യൂൾ. മെയ് 31 വരെ കുടിശികയായ ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അദാലത്ത്‌ മന്ത്രിമാരും ഓഫീസും നേരിട്ടു വിലയിരുത്തും. സമ്പൂർണവിവരം സെപ്‌തംബർ 20നകം മുഖ്യമന്ത്രിക്ക് ലഭ്യമാക്കും.


അദാലത്ത്‌ സംബന്ധിച്ച്‌ സർക്കാർ മാർഗനിർദേശമായി. സർക്കാരിന്റെ മുൻഗണനാ പദ്ധതികൾ, യുവജനങ്ങളുടെ തൊഴിൽ സാധ്യതാ പദ്ധതികൾ, കേന്ദ്രസഹായം ലഭ്യമാകുന്നവ, വകുപ്പുകൾ രൂപീകരിക്കുന്ന പുതിയ നയങ്ങൾ, സ്‌കീമുകൾ, നടപ്പ് സാമ്പത്തികവർഷം പൂർത്തിയാക്കേണ്ട വികസന പദ്ധതികൾ, ചട്ട രൂപീകരണം എന്നിവയിൽ തീർപ്പാക്കാനുള്ള ഫയലുകൾക്കാണ്‌ മുൻഗണന. വകുപ്പു സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മുൻണഗനാപട്ടിക തയാറാക്കും. പൊതുവായ മേൽനോട്ട ചുമതല ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനാകും. സെക്രട്ടറിയറ്റിലെ പുരോഗതി സ്പെഷൽ/ അഡീഷണൽ ജോയിന്റ് സെക്രട്ടറി വിലയിരുത്തും. മന്ത്രിമാർ രണ്ടാഴ്ചയിലൊരിക്കൽ പുരോഗതി വിലയിരുത്തും. മന്ത്രി ഓഫീസുകൾ അദാലത്ത്‌ നേരിട്ട് നിരീക്ഷിക്കും. സെപ്തംബർ 15നകം തീർപ്പാക്കിയ ഫയലുകളുടെ വിവരം സെക്രട്ടറിമാർ മന്ത്രിമാർക്ക് സമർപ്പിക്കും. എല്ലാ വകുപ്പുകളുടെയും സമ്പൂർണ കണക്ക്‌ സെപ്‌തംബർ 20നകം മുഖ്യമന്ത്രിക്ക് ലഭ്യമാക്കും. വകുപ്പുകളിൽ നോഡൽ ഓഫീസർമാരുണ്ടാകും. വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.


വകുപ്പു സെക്രട്ടറിമാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ ഒരുക്കം തുടങ്ങി . ചീഫ്‌ സെക്രട്ടറി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ കാലത്തുതന്നെ പരാതികളിൽ തീരുമാനമുണ്ടാക്കാൻ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും താലൂക്ക്‌ തലംമുതൽ അദാലത്തുകൾ നടത്തിയിരുന്നു. ഇതിലൂടെ ലക്ഷക്കണക്കിന്‌ പരാതികളിലാണ്‌ അന്തിമതീർപ്പുണ്ടായത്‌. ഓരോ പരാതിയും ഓരോ ഫയൽ ആയി മാറുന്നതിനാൽ ഇവയിലുണ്ടാക്കിയ തീരുമാനങ്ങളും റെക്കോർഡാണ്‌.


മനോരമ വാർത്ത 
വാസ്‌തവവിരുദ്ധം

സെക്രട്ടറിയറ്റിൽ മൂന്നു ലക്ഷത്തിലധികം ജീവിതങ്ങളെ ബാധിക്കുന്ന ഫയലുകൾ കെട്ടിക്കിടക്കുന്നതായ മലയാള മനോരമ വാർത്ത വസ്‌തുതാവിരുദ്ധം.

ഇത്രയും ഫയലുകളും വ്യക്തിഗത വിഷയങ്ങളല്ല. പദ്ധതികൾ, നയപരമായി തീരുമാനമെടുക്കേണ്ടവ, അപ്പീലുകൾ തുടങ്ങിയവയും നടപടികളുടെ വിവിധ ഘട്ടങ്ങളിലുള്ളവയുമാണ്‌ ഏറെയും. ജില്ലാതലത്തിൽ വലിയ ആൾക്കൂട്ടമുണ്ടാക്കി പരാതികൾ വാങ്ങി ചിലതിനു മാത്രം പരിഹാരമുണ്ടാക്കുകയും ബാക്കി അവഗണിക്കുകയുംചെയ്യുന്ന യുഡിഎഫ്‌ കാലത്തെ രീതിയല്ല എൽഡിഎഫ്‌ സ്വീകരിച്ചത്‌. ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമമാക്കി ഫയലുകൾ തീർപ്പാക്കുകയായിരുന്നു. ഇപ്പോൾ ഒട്ടുമിക്ക അപേക്ഷകളും ഓൺലൈൻ വഴിയാണ്‌ എന്നതിനാൽ അവയുടെ നില പരാതിക്കാർക്ക്‌ അറിയാനാകും.




deshabhimani section

Related News

View More
0 comments
Sort by

Home