ad
Deshabhimani

കാലിത്തീറ്റയിൽ പൊള്ളി കർഷകർ; ഒരുമാസത്തിനിടെ 80 രൂപയുടെ വർധന

cows

എഐ പ്രതീകാത്മകചിത്രം

avatar
അഖില ബാലകൃഷ്‌ണൻ

Published on May 12, 2026, 11:45 AM | 1 min read

പാലക്കാട്‌ : തവിടിനും സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റയ്‌ക്കും വില കൂടിയതോടെ ക്ഷീരകർഷകർ പ്രതിസന്ധിയിൽ. വിവിധ ബ്രാൻഡുകളുടെ 50 കിലോയുടെ ഒരു ചാക്ക്‌ കാലിത്തീറ്റയ്ക്ക്‌ 1,300 മുതൽ 1,500-ന് മുകളിലാണ് വിപണിയിലെ വില. 30 മുതൽ 80 രൂപവരെയാണ് ചാക്കൊന്നിന്‌ ഒരു മാസത്തിനിടെ വർധിച്ചത്. സംസ്ഥാനത്ത്‌ പാലിന്റെ സംഭരണവിലയും വിൽപ്പനവിലയും കൂട്ടാൻ മിൽമ സർക്കാരുമായി ചർച്ച തുടരുന്നതിടെയാണ്‌ സ്വകാര്യകമ്പനികൾ തീറ്റയ്ക്ക്‌ വിലക‍ൂട്ടിയത്‌.


ക്ഷീര പരിപാലന ചെലവിന്റെ 60 മുതൽ 70 ശതമാനവും തീറ്റയ്ക്കാണ്. ഒരു ലിറ്റർ പാലുൽപ്പാദനത്തിന്‌ 400 ഗ്രാം കാലിത്തീറ്റ എന്നാണ്‌ കണക്ക്‌. വില കൂടിയതോടെ ഒരു പശുവിനെ വളർത്താൻ ശരാശരി 350 രൂപയോളം ദിവസവും ചെലവ് വരുന്നുണ്ടെന്ന് കർഷകർ പറയുന്നു. കാലിത്തീറ്റയ്ക്ക്‌ ആവശ്യമായ ചോളം, സോയാബീൻ, പരുത്തിപ്പിണ്ണാക്ക്, ഗോതമ്പുതവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കേരളത്തിൽ ഇവയുടെ ഉൽപ്പാദനം കുറവായതിനാൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് ഗതാഗതച്ചെലവ് വർധിക്കാനും കാരണമാകുന്നു. ഇന്ധനവില വർധനയും അന്താരാഷ്ട്ര വിപണിയിലെ ഡിമാൻഡും തിരിച്ചടിയായിട്ടുണ്ട്.

ആശ്വാസമായി സബ്‌സിഡി


2019ൽ ഉണ്ടായിരുന്നതിനേക്കാൾ വിലക്കുറവിലാണ്‌ മിൽമ കാലിത്തീറ്റ വിൽക്കുന്നത്‌. മിൽമയുടെ ഗോമതി ഗോൾഡ് ചാക്കൊന്നിന് 300 രൂപവരെ സബ്‌സിഡിയുണ്ട്‌. വിപണിയിൽ 1,550 രൂപ വിലയുള്ള കാലിത്തീറ്റ 1,250 രൂപയ്ക്ക്‌ ലഭിക്കും. അതായത്‌‍, ഒരു ലിറ്റർ പാലുൽപ്പാദനത്തിൽ 2.40 രൂപയുടെ ആനുകൂല്യം കർഷകന്‌ ലഭിക്കും. അസംസ്കൃത വസ്തുക്കളുടെ വില വർധിക്കുമ്പോഴും പാലിന്‌ വിലകൂട്ടുന്നതുവരെ കർഷകർക്ക്‌ സഹായമായി സബ്‌സിഡി തുടരാനാണ്‌ തീരുമാനമെന്ന്‌ മിൽമ മലബാർ മേഖലാ ചെയർമാൻ കെ എസ്‌ മണി പറഞ്ഞു. ഇ‍ൗ വർഷത്തെ സംസ്ഥാന ബജറ്റിൽ കാലിത്തീറ്റ സബ്‌സിഡിക്കായി ഏകദേശം എട്ട്‌ കോടി രൂപയാണ് വകയിരുത്തിയത്‌. കേരള ഫീഡ്‌സിന്റെ എലൈറ്റ് കാലിത്തീറ്റയ്ക്ക് 1,455-നും മിടുക്കിക്ക് 1,285നും ഇടയിലാണ്‌ വില.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home