print edition കടലിന്റെ മക്കളെയും അവഗണിച്ചു

അച്ഛനെ കാണാതായ മക്കളുടെ ഹതാശമായ കാത്തിരിപ്പ്, കടലാഴങ്ങളിൽനിന്ന് ഭർത്താവിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന പ്രിയതമയുടെ നെടുവീർപ്പ്. പ്രളയബാധിതർക്കുപുറമേ അതിസാധാരണക്കാരായ മത്സ്യത്തൊഴിലാളികളും യുഡിഎഫ് സർക്കാരിൽനിന്ന് നേരിട്ടത് ക്രൂരമായ അവഗണന. ഏകപക്ഷീയമായി തിരച്ചിൽ അവസാനിപ്പിച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കൊടുംക്രൂരത. ‘എന്തുകൊണ്ട് തിരച്ചിൽ കാര്യക്ഷമമാക്കുന്നില്ല’ എന്ന് ചോദിച്ച കുടുംബാംഗങ്ങൾക്ക് യുഡിഎഫ് സൈബർ പടയുടെ അധിക്ഷേപം.
അവരുടെ കണ്ണീർ കാണാനോ ആശ്വാസവാക്ക് പറയാനോ പ്രതീക്ഷയുടെ നാളമാകാനോ കഴിയാനാകാതെ സർക്കാർ പരാജയപ്പെട്ടു. കടലിന്റെ മക്കളെ മനുഷ്യരായിപ്പോലും പരിഗണിക്കാൻ തയ്യാറാകാത്തവർക്കുമുമ്പിൽ ഗത്യന്തരമില്ലാതെയായിരുന്നു മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രതികരണം. മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമായി വന്നുപോയ നാല് മന്ത്രിമാരുടെ ഉറപ്പ് പാഴ്‌വാക്കായി. മനുഷ്യത്വം മരവിച്ച നാളുകൾക്കാണ് തീരദേശം സാക്ഷിയായത്. കൊല്ലം, മുതലപ്പൊഴി, വിഴിഞ്ഞം എന്നിവിടങ്ങളിലായി മൂന്നുപേരെയാണ് കാണാതായത്. മുതലപ്പൊഴിയിൽ കാണാതായ ഷിജിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. മറ്റിടങ്ങളിലും നിലച്ച മട്ടാണ്.
‘മത്സ്യത്തൊഴിലാളികൾ ആശങ്കയുടെ കയത്തിൽപ്പെട്ടപ്പോൾ മുഖ്യമന്ത്രി അമ്മായിയച്ഛനെ കാണാൻ ഹെലികോപ്‌റ്ററിൽ പോയെന്ന് കേട്ടു. പ്രിവിലേജുള്ളവർക്കുമാത്രമുള്ളതല്ല സിസ്റ്റം. ഞങ്ങളുടെ പപ്പയുടെ ജീവനും വിലയുണ്ട്. രാമേശ്വരം ഭാഗത്ത് തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല. ഇവിടെയടുത്ത് വന്നിട്ടും മുഖ്യമന്ത്രി ഞങ്ങളെ തിരിഞ്ഞുനോക്കിയില്ല’ - വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകൾ ജിജി
മുന്നറിയിപ്പ് നൽകിയില്ല; മരണത്തിലേക്ക് തള്ളിവിട്ടു
ജൂലൈ 31ന് പകൽ മൂന്നോടെയാണ് വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനയാനം പുറപ്പെട്ടത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അതിതീവ്രമഴയുടെ മുന്നറിയിപ്പ് നൽകിയിട്ടും സംസ്ഥാന സർക്കാർ സംവിധാനങ്ങൾക്ക് തീരദേശത്ത് ജാഗ്രതാനിർദേശം നൽകുന്നതിൽ വീഴ്‌ചയുണ്ടായി. വൻ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിലെ നാലുപേരെ മീൻപിടിക്കാൻ പോയവർ രക്ഷപ്പെടുത്തി. ജോൺ മത്യാസിനെ കണ്ടെത്താനായില്ല.
മുതലപ്പൊഴി അഴിമുഖത്തെ അപകടത്തിൽ വള്ളത്തിൽനിന്ന് തെറിച്ചുവീണ നാലുപേരിൽ രണ്ടുപേർ നീന്തി കരപറ്റി. കൊച്ചുമേത്തൻകടവ് കടവത്ത് പുരയിടത്തിൽ ഫ്രീമോന്റെ (26) മൃതദേഹം പിന്നീട് കണ്ടെത്തി. അഞ്ചുതെങ്ങ് വിളക്കുമാടം ഷെക്കേന ഭവനിൽ ഷിജിനെ (32) കണ്ടെത്താനായിട്ടില്ല. ഷിജിനായുള്ള തിരച്ചിൽ ഏകപക്ഷീയമായി നിർത്തി.
അപകടം നടന്നയുടൻ രക്ഷാപ്രവർത്തനത്തിന് നടപടിയെടുത്തില്ല. ജോണിന്റെ മക്കളായ ജിജി, ജിനിൻ, ജിത്തുമോൾ എന്നിവർ ഒരാഴ്‌ച കോസ്റ്റ്‌ഗാർഡ് ഓഫീസ് കയറിയിറങ്ങി. അവഗണനയായിരുന്നു ഫലം. തീരത്തുമാത്രം വട്ടംകറങ്ങി സംഘം മടങ്ങിവരികയാണെന്ന് ബോധ്യപ്പെട്ട ജിജി സർക്കാർ സംവിധാനത്തിനുനേരെ രൂക്ഷമായി പ്രതികരിച്ചു.
മുതലപ്പൊഴിയിലെ ബോട്ടപകടത്തിൽ മരിച്ച ഫ്രീമോന്റെ അമ്മ
അമ്പിളി വിലപിക്കുന്നു
‘മത്സ്യത്തൊഴിലാളികളല്ലേ, അങ്ങോട്ടുപോയാൽ അറിയാമല്ലോ’ എന്ന് വാർത്താസമ്മേളനത്തിൽ ഒരു സമുദായത്തെയാകെ മുഖ്യമന്ത്രി അപമാനിച്ചു. ‘വോട്ടിനായി വന്നപ്പോൾ തങ്ങളാരെയും കടിച്ചുകീറിയില്ലല്ലോയെന്നും മുഖ്യമന്ത്രി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ജോണിന്റെ മക്കൾ ആവശ്യപ്പെട്ടതോടെ കേട്ടാലറയ്‌ക്കുന്ന വാക്കുകളിൽ യുഡിഎഫ് സൈബർവിഭാഗം സമൂഹമാധ്യമത്തിൽ തെറിയഭിഷേകം നടത്തി.
രാമേശ്വരം ഭാഗത്തേക്ക് തിരച്ചിൽ നടത്തണമെന്ന് അഭ്യർഥിച്ചിട്ടും അവഗണിച്ചു. ഷിജിനെ കാണാതായി എട്ടാം ദിവസമാണ് ഭാര്യ സ്റ്റിജി മക്കളുമായി അഞ്ചുതെങ്ങ് തീരദേശ പൊലീസ് സ്റ്റേഷൻ റോഡിനുമുന്നിൽ മഴയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. മന്ത്രി സി പി ജോണെത്തി നൽകിയ ഉറപ്പ് പതിരാകുന്ന കാഴ്‌ചയാണ് മുതലപ്പൊഴിയിലും കണ്ടത്.
ദുരന്തസ്‌മരണകളുടെ കണ്ണീർദിനങ്ങൾ
പഞ്ഞമാസം സമ്മാനിക്കുന്ന ഇല്ലായ്‌മകളിൽനിന്ന് മോചനം തേടി കാറും കോളും വകവയ്‌ക്കാതെ വലിയ പ്രതീക്ഷയോടെയാണ് കഴിഞ്ഞ 31ന് രാവിലെ ആറിന് കൊല്ലം നീണ്ടകരയിൽനിന്ന് ‘ശ്രീകൃഷ്‌ണഭഗവാൻ കുറുവടിക്കാരന്‍’ ഒൗട്ട്‌ബോർഡ് ഫൈബർ വള്ളത്തിൽ 14 തൊഴിലാളികൾ മീൻപിടിക്കാൻ പോയത്. പ്രക്ഷുബ്‌ധമായ കടലിൽ വള്ളം മുങ്ങി. 11 തൊഴിലാളികളെ മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. പുത്തൻതുറ പൂമുഖത്ത് വീട്ടിൽ രാജീവൻ (76) മരിച്ചു. മകളുടെ ഭർത്താവ് പുത്തൻതുറ കടുവുങ്കൽ രാധാകൃഷ്‌ണ (47)ന്റെ മൃതദേഹം പിന്നീട് കണ്ടെത്തി. മകൻ ഗൗതം കൃഷ്‌ണ (26)നെ കാണാതായിട്ട് 17 ദിവസം.
കടലിൽ കാണാതാകുന്നവരെ കണ്ടെത്താൻ അടിയന്തരമായി ഇടപെടേണ്ട ആദ്യ മണിക്കൂറുകൾ സർക്കാർ നഷ്‌ടപ്പെടുത്തി. അതുവഴി രണ്ട് ജീവൻ നഷ്ടമായി. ഒരാൾ ഇന്നും കാണാമറയത്ത്. സംഭവം നടന്നയുടൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തിരച്ചിൽ നടത്താനോ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും സഹായം തേടാനോ കഴിയാതിരുന്നത് വലിയ പ്രതിഷേധത്തിനിടയാക്കി. തിരച്ചിലിൽ മത്സ്യത്തൊഴിലാളികളുടെ സേവനംപോലും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഗൗതമിന്റെ അമ്മ രേഷ്‌മ നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനുശേഷമാണ് തിരച്ചിൽ വ്യാപിപ്പിച്ചത്. അതും സംഭവമുണ്ടായി എട്ടാംനാളിൽ. നാവികസേന പിന്നെയും വൈകി. രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ അന്വേഷിച്ചില്ലെന്നായിരുന്നു സർക്കാർ നിലപാട്.










0 comments