ad
Deshabhimani

തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്; ലീഗ് പ്രവർത്തകൻ പിടിയിൽ

local body election
വെബ് ഡെസ്ക്

Published on Dec 11, 2025, 08:23 PM | 1 min read

കൊണ്ടോട്ടി (മലപ്പുറം): തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തത ലീഗ് പ്രവർത്തകൻ പിടിയിൽ. അരിമ്പ്ര ചങ്ങരക്കണ്ടൻ വീട്ടിൽ മുഹമ്മദ് മുദസിർ (19) നെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. മൊറയൂർ ഗ്രാമ പഞ്ചായത്തിൽ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനെതിരെയാണ് കേസ്. പോളിങ് ബൂത്തിൽ എത്തിയ യുവാവ് തന്റെ സഹോദരന്റെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.


വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശേഷമാണ് കള്ളവോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാർഥികളുടെ ബൂത്ത് ഏജൻ്റുമാരുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും ഫലപ്രദമായ ഇടപെടലിലാണ് സംഭവം പുറത്തായത്. മൊറയൂർ പഞ്ചായത്തിലെ 10-ാം വാർഡ് പാലത്തിങ്ങലിലെ ഒന്നാം ബൂത്തായ അരിമ്പ്ര മിസ്ബാഉൽ ഉഹുദ മദ്രസയിലാണ് സംഭവം.


വിദേശത്തുള്ള സഹോദരൻ മുഹമ്മദ് മുസമ്മിലിന്റെ പേരിലുള്ള വോട്ടർ സ്ലിപ്പുമായെത്തിയ യുവാവ് രേഖകൾ കാണിച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥാനാർഥികളുടെ ബൂത്ത് ഏജന്റുമാരും ഇയാളെ തടഞ്ഞു. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.


പ്രിസൈഡിങ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടതായി കൊണ്ടോട്ടി പൊലീസ് ഇൻസ്‌പെക്ടർ പിഎംഷമീർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home