പെൻസിൽ വരയെ വിള്ളൽ ആക്കി നുണവാർത്ത; അതിജീവിതരിൽ ആശങ്കയുണ്ടാക്കാൻ ഗൂഢശ്രമം

ഗുണനിലവാര പരിശോധനയിൽ ഒരുവീട്ടിൽ നനവ് കണ്ടെത്തിയ ഭാഗത്ത് പെൻസിൽകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു (ഇടത്), വീടുകളിൽ വിള്ളൽ എന്ന പേരിൽ മാധ്യമങ്ങൾ നടത്തിയ നുണപ്രചാരണത്തിൽ ഒന്ന് (വലത്)
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ നിർമിച്ച് നൽകുന്ന ടൗൺഷിപ്പിന്റെ പേരിൽ വ്യാജവാർത്ത. ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ വീണു വലതുപക്ഷ മാധ്യമങ്ങളും സോഷ്യൽമീഡിയ വഴി യുഡിഎഫ് പ്രൊഫൈലുകളും പ്രചാരണം നടത്തിയത്. എന്നാൽ ഗുണനിലവാര പരിശോധനയുടെ ഭാഗമായി പെൻസിൽ കൊണ്ട് വരച്ചതിനെയാണ് വിള്ളലാക്കി മാധ്യമങ്ങൾ അവതരിപ്പിച്ചത്. അതിജീവിതരിൽ ആശങ്കയുണ്ടാക്കുകയും പുനരധിവാസം വൈകിപ്പിക്കുകയും ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കള്ളക്കഥ മെനഞ്ഞത്.
രണ്ട് വാട്ടർ പ്രൂഫിങ്ങും അതിന് മുകളിൽ കോൺക്രീറ്റും ബാക്കിയുള്ള വീടിനാണ് വിള്ളലെന്നും ചോർച്ചയെന്നും പ്രചരിപ്പിക്കുന്നത്. ടൗൺഷിപ് നിർമാണം നടത്തുന്ന ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെതന്നെ പരിശോനയിൽ ഒരുവീട്ടിൽ കണ്ടെത്തിയ നനവ് പരിഹരിക്കാൻ പെൻസിൽ കൊണ്ട് വരഞ്ഞിട്ടതിന്റെ വീഡിയോയും ചിത്രങ്ങളും എടുത്താണ് വിള്ളലെന്ന പ്രചാരണം.
ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തും(പോണ്ടിങ് ടെസ്‌റ്റ്). തുടർന്ന് രണ്ടുതവണ സ്വിമ്മിങ് പൂൾ വാട്ടർ പ്രൂഫിങ് നടത്തും. ഇതിന് മുളിൽ രണ്ട് ഇഞ്ച് കനത്തിൽ സ്‌ക്രീഡ് കോൺക്രീറ്റ് ചെയ്യും. മുഴുവൻ വീടുകളിലും ഇതാണ് രീതി. ആദ്യഘട്ടമായി നൽകുന്ന വീടുകളിൽ വെള്ളം കെട്ടിനിർത്തിയുള്ള പരിശോധന നടത്തിയപ്പോഴാണ് ഒന്നിൽ നേരിയ നനവ് കണ്ടത്. പ്രശ്‌നം പരിഹരിക്കുന്നതിനായി ഇതിനുചുറ്റും പെൻസിലിന് വരഞ്ഞിട്ടു. ടെറസിന് മുകളിൽ ഇൗ ഭാഗത്ത് വീണ്ടും പോണ്ടിങ് പരിശോധന നടത്തി വാട്ടർ പ്രൂഫിങ്ങിന് മുന്പുള്ള പ്രവൃത്തി എടുത്തു. സ്‌ക്രീഡിങ് കോൺക്രീറ്റുകൂടി കഴിയുന്നതോടെ പ്രശ്‌നം പൂർണമായും പരിഹരിക്കപ്പെടും. ഒരുവീടിനുള്ള ഇൗ ചെറിയ പ്രശ്‌നമാണ് മാധ്യമങ്ങൾ പെരുപ്പിക്കുന്നത്.
സർക്കാരിനെതിരെ തിരിയാനുള്ള വ്യഗ്രതയിൽ പരിശോധന നടത്താതെയാണ് പെൻസിൽവര വിള്ളലാക്കിയത്. വീട്ടിനുള്ളിൽകയറി നോക്കാൻപോലും തയ്യാറാകാതെ ജനലിലൂടെ ദൃശ്യങ്ങൾ എടുത്തായിരുന്നു വിള്ളലെന്ന നുണ വാർത്ത. ദുരന്തബാധിതരെ പ്രലോഭിച്ചിച്ചും തെറ്റിദ്ധരിപ്പിച്ചും സർക്കാരിനെതിരെ പറയാൻ നിർബന്ധിച്ചു. 350 വീടുകളുടെ നിർമാണമാണ് ടൗൺഷിൽപ്പിൽ ഒരേസമയം നടത്തുന്നത്. ഇതിനുപുറമേ റോഡ്, കേന്ദ്രീകൃത സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 10 ലക്ഷംലിറ്റർ ശേഷിയുള്ള ജലസംഭരണി, ജല, വൈദ്യുത വിതരണ സംവിധാനം തുടങ്ങിയവയുടെയെല്ലാം പ്രവൃത്തി നടത്തുകയാണ്.










0 comments