വ്യാജന്‍മാര്‍ വിലസുന്നു
കേന്ദ്ര സ്ഥാപനങ്ങളുടെ ഐഡി കാർഡിന് 999 രൂപ; തട്ടിപ്പിൽ വീഴരുതേ...

തിരുവനന്തപുരം: സൈബർ ഇടത്ത് കേന്ദ്ര സ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഐഡി കാർഡ് തട്ടിപ്പ് വ്യാപകമാകുന്നു. വെറും 999 രൂപ നൽകിയാൽ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആന്റി ക്രൈം കൺട്രോൾ കൗൺസിൽ ദേശീയ ബോർഡ് അംഗമാകാം. 5499 കൊടുത്താൽ സംസ്ഥാന സെക്രട്ടറിയുമാകാം. ഇനി പ്ലസ് ടു പോലും പാസാകാത്തവർക്ക് ‘ഓണററി ഡോക്ടറേറ്റ് ’ നൽകാനും സംഘങ്ങളുണ്ട്. ഇങ്ങനെ പണം നൽകി നേടിയ ഈ ഐഡി കാർഡുകൾ ദുരുപയോഗം ചെയ്യാനും സാധ്യതയുള്ളതിനാൽ കർശന നടപടി വേണമെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രധാനമായും സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇടപാടുകൾ. ‘നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി ക്രൈം കൺട്രോൾ കൗൺസിൽ ഇന്ത്യ’ എന്ന സംഘടനയിൽ പണം കൊടുത്ത് അംഗത്വമെടുത്താൽ കേന്ദ്രസർക്കാർ സ്ഥാപനം എന്ന് തോന്നിപ്പിക്കുന്ന ഐഡി കാർഡും നൽകും. ഈ കാർഡിൽ കേന്ദ്ര വിജിലൻസ് കമീഷന്റെ ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. സമാനമായി ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ, നാഷണൽ ഇന്റലിജൻസ് ബ്യൂറോ, ഹ്യൂമൻ വെൽഫയർ ആൻഡ് ജസ്റ്റിസ് അസോസിയേഷൻ എന്നിങ്ങനെ തട്ടിപ്പ് നടത്തുന്ന നിരവധി പരസ്യങ്ങളുണ്ട്. തങ്ങൾ നൽകുന്ന ഐഡി കാർഡ് ഉപയോഗിച്ചാൽ വിഐപി പരിഗണന ലഭിക്കുമെന്നും ദേശീയപാതകളിൽ ടോൾ ഒഴിവാക്കുമെന്നുമൊക്കെയാണ് വാഗ്ദാനം.
1,799 രൂപ നൽകിയാൽ ഇന്ത്യൻ പ്രസ് യൂണിയന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ പേരിലുള്ള ഐഡി കാർഡുകളും ലഭിക്കും. പരീക്ഷയോ വിദ്യാഭ്യാസ യോഗ്യതയൊ ഒന്നും പ്രശ്നമല്ലെന്നും പറയുന്നു. ഇതിനുപുറമെ തുച്ഛമായ പണം നൽകിയാൽ ഓണററി ഡോക്ടറേറ്റും നൽകുന്ന സംഘടനകളുണ്ട്. വേൾഡ് കൾച്ചർ പ്രൊട്ടക്ഷൻ കമീഷൻ എന്ന സംഘടനയുടെ പേരിൽ പണം നൽകി ഓണററി ഡോക്ടറേറ്റും വാങ്ങാമെന്ന പരസ്യം കേരളത്തിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ കാർഡുകൾ വാങ്ങി ദുരുപയോഗം ചെയ്താൽ വഞ്ചനാകുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കും. ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം വ്യാജ സംഘടനകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.










0 comments