ഫോണിലെ എല്ലാ വിവരങ്ങളും ചോരുമെന്ന് മാത്രമല്ല, പണം ചോരുന്ന വഴിയും അറിയില്ല
ആപ്പിലാകും ആപ് തൊട്ടാൽ ; ടെലിഗ്രാമില് ആപ്പുകളുടെ വ്യാജന്‍

ജിബിന സാഗരന്
Published on Jul 15, 2025, 02:17 AM | 1 min read
തൃശൂർ
സിനിമയും പാട്ടും പുസ്തകവും മാത്രമല്ല ആപ്ലിക്കേഷനുകളുടെ വ്യാജനും ടെലിഗ്രാമിൽ കിട്ടും. പൈസ മുടക്കാതെ പ്രീമിയം ഓപ്ഷനുൾപ്പെടെ സൗജന്യമായി ലഭിക്കുമെന്ന് കരുതി, ഫോണിലെ സുരക്ഷാ ഓപ്ഷൻ ഓഫാക്കി ഇവ ഇൻസ്റ്റാൾ ചെയ്യുന്നവർ സൂക്ഷിക്കുക. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന പാസ്‌വേഡുകൾ, ഫോട്ടോകൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ചോരും. മാത്രമല്ല, പണം ചോരുന്ന വഴിയും അറിയില്ല. മറ്റൊരിടത്തിരുന്ന് ഹാക്കർക്ക് നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും കഴിയും.
യഥാർഥ ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പതിപ്പായ ‘എംഒഡി എപികെ’യാണ് വ്യാപകമായി ടെലിഗ്രാമിൽ ലഭിക്കുന്നത്. ഇത് നിർമിക്കുന്നത് ആപ്ലിക്കേഷന്റെ യഥാർഥ ഡെവലപ്പറാകില്ല. ഒരു വ്യക്തിയോ കോഡിങ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ചേർന്നോ പ്രത്യേക ലക്ഷ്യത്തോടെ ഉണ്ടാക്കിയതാവും. ഒരാളുടെ മൊബൈലിലെ വിവരങ്ങൾ മോഷ്ടിക്കാനാണിത് പ്രധാനമായും ഉപയോഗിക്കുന്നത്.
സുരക്ഷിതമല്ലാത്ത എംഒഡി എപികെ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവരിൽ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണ്. അതുകൊണ്ടുതന്നെ പ്രീമിയം ഓപ്ഷനുകൾ അൺലോക്ക് ചെയ്ത എഐ, വീഡിയോ മേക്കിങ്, ഒടിടി ആപ്പുകളുമാണ് കൂടുതലായി ഡൗൺലോഡ് ചെയ്യുന്നത്. പണച്ചെലവില്ലാതെ ആപ്പ് ഉപയോഗിക്കാമെന്ന ചിന്തയാണ് ഇതിനുപിന്നിൽ.
‘GETMODPC’ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇത്തരം ആപ്ലിക്കേഷനുകൾ വ്യാപകമായി കൈമാറുന്നത്. നിലവിൽ മലയാളികളുൾപ്പടെ 26 ലക്ഷം സബ്സ്ക്രൈബർമാർ ചാനലിലുണ്ട്. ലോകത്തെ ഏറ്റവും വലിയ എംഒഡി എപികെ ചാനലെന്നാണ് ഇവരുടെ അവകാശ വാദം. മൊബൈലിലും കംപ്യൂട്ടറിലും ഉപയോഗിക്കാവുന്ന ഏത് തരം ആപ്പും ഇതിൽ ലഭിക്കുമെന്നതിനാൽ അപകട സാധ്യതയറിയാതെ ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് ചാനലിലേക്കെത്തുന്നത്. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ട വിധവും ചാനലിൽ വിശദീകരിക്കുന്നുണ്ട്. ഇത്തരത്തിൽ നിരവധി ചാനലുകളും പ്രൈവറ്റ് ഗ്രൂപ്പുകളും ടെലിഗ്രാമിൽ പ്രവർത്തിക്കുന്നുണ്ട്.








0 comments