print edition മൺകൂനകൾ നീക്കാതിരുന്നത് ദുരന്തവ്യാപ്തി കൂട്ടി


സ്വന്തം ലേഖകൻ
Published on Jul 08, 2026, 01:14 AM | 1 min read
കൽപ്പറ്റ: തുരങ്കപാത നിർമാണസ്ഥലത്തുണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്‌തി വർധിപ്പിച്ചത് കൂടിക്കിടന്ന മൺകൂനകൾ നീക്കാതിരുന്നത്. മഴ ശക്തമാകുന്നതിനുമുന്പേ മൺതിട്ടകൾ നീക്കേണ്ടതായിരുന്നു. പ്രവൃത്തിക്കായി എടുത്ത മണ്ണ് മഴയിൽ മേപ്പാടി–ചൂരൽമല റോഡിലേക്ക് കുത്തിയൊഴുകാൻ തുടങ്ങിയപ്പോൾ തന്നെ മണ്ണ് നീക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
കൂട്ടിയിട്ട മണ്ണ് അപകടഭീഷണിയാണെന്ന് കഴിഞ്ഞ മാസം 25ന് പദ്ധതി പ്രദേശം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. മണ്ണ് താൽക്കാലികമായി സൂക്ഷിക്കാൻ പദ്ധതി പ്രദേശത്ത് പരിമിതിയുണ്ടെന്നും സ്ഥലം കണ്ടെത്തി നൽകണമെന്നും കൊങ്കൺ റെയിൽവേ അധികൃതർ ആവശ്യപ്പെട്ടു. സ്ഥലത്തിന്റെ വാടക നൽകാൻ തയ്യാറാണെന്നും അറിയിച്ചു. സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ അധികൃതർക്ക് പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി നിർദേശം നൽകി. ജൂലൈ, ആഗസ്‌ത് മാസങ്ങളിൽ ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു. മീനാക്ഷി പാലത്തിന് സമീപത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും തീരുമാനമെടുത്തു. സോയിൽ പൈപ്പിങ് മൂലമുള്ള അപകടം തടയുന്നതിനും മുൻകരുതൽ വേണമെന്ന് പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. ഒന്നും നടപ്പായില്ല.
ചൊവ്വ രാവിലെയും മണ്ണിടിച്ചിലിന്റെ സൂചനകളുണ്ടായിരുന്നു. മഴയെ തുടർന്ന് പാതയുടെ പ്രവൃത്തി ദിവസങ്ങൾക്കുമുന്പ് താൽക്കാലികമായി നിർത്തിയിരുന്നു. കുത്തിയൊലിച്ചെത്തുന്ന മഴവെള്ളം ചാലുകീറി ഒഴിവാക്കുന്ന തൊഴിലാളികളാണ് അപകടം നടക്കുന്പോൾ പദ്ധതി പ്രദേശത്തുണ്ടായിരുന്നത്.











0 comments