ചേരിതിരിഞ്ഞ് തമ്മിൽതല്ല്; ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ

താനൂർ: ചേരിതിരിഞ്ഞ് തമ്മിൽതല്ല് തുടർന്നതോടെ പൊന്മുണ്ടം പഞ്ചായത്തിലെ ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ. മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള നാലു പ്രാദേശിക നേതാക്കളെ മുസ്ലിംലീഗിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. ലീഗ് സംസ്ഥാന കമ്മിറ്റിയുടെതാണ് നടപടി.
പൊന്മുണ്ടം പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് സുബൈർ ഇളയോടത്ത്, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ പാറയിൽ ബഷീർ, പാറമ്മൽ നാസർ, ടി സൈത് എന്നിവരെയാണ് ഗുരുതരമായ അച്ചടക്ക ലഘനം നടത്തിയതിനാൽ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈലത്തൂരിലെ ഓഡിറ്റോറിയത്തിൽ വച്ച് മൺസൂൺ സംഗമം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ വച്ച് ചേരി തിരിഞ്ഞ് സംഘർഷം നടത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് അറിയുന്നത്.
പ്രാദേശികമായി നിലനിൽക്കുന്ന തർക്കങ്ങൾ അവസാനിപ്പിച്ചതിനു ശേഷം മൺസൂൺ സംഗമം നടത്തിയാൽ മതിയെന്ന് നിലവിൽ പുറത്താക്കിയവർ ജില്ലാ- മണ്ഡലം കമ്മിറ്റി ഭാരവാഹികളെ അറിയിച്ചിരുന്നു. എന്നാൽ ഇവരുടെ നിർദ്ദേശം ഉൾക്കൊള്ളാതെ പരിപാടി സംഘടിപ്പിച്ചതോടെ ചേരിതിരിഞ്ഞ് തെറിവിളിയും സംഘർഷവുമായി. സംഘർഷം ഓഡിറ്റോറിയത്തിന് പുറത്ത് റോഡിൽ എത്തിയതോടെ നാട്ടുകാർ ഇടപെട്ടു. ഇതോടെയാണ് സംഭവം വഷളായത്. യുഡിഎഫ് സംവിധാനം നിലവിലില്ലാത്ത പൊൻമുണ്ടത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറെക്കാലത്തിനുശേഷം ഭരണം മുസ്ലിംലീഗിന് നഷ്ടമായിരുന്നു. തുടർന്നാണ് മുസ്ലിംലീഗിലെ ചേരിപ്പോര് പുറത്തുവന്നത്. ഇതിൻ്റെ തുടർച്ചയാണ് മൺസൂൺ സംഗമത്തിലെ സംഘർഷം എന്നാണ് അറിയുന്നത്.










0 comments