നീറ്റ് പരീക്ഷ റദ്ദാക്കിയ മനോവിഷമത്തില്‍ ജീവനൊടുക്കിയ ഐജയുടെ സഹോദരന്‍ മരിച്ച നിലയില്‍

അർജുൻ മഹേഷ്, ഐജ ആർ മഹേഷ്
ബേക്കൽ: നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുള്ള മനോവിഷമം കാരണം ജീവനൊടുക്കിയ കാസർകോട് പൂച്ചക്കാട് പോക്കണംമൂലയിലെ ഐജ ആർ മഹേഷിന്റെ സഹോദരൻ അർജുൻ മഹേഷി(24) നെ മംഗളൂരുവിൽ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദുബായിൽ ജോലി ചെയ്യുന്ന അർജുൻ നാട്ടിലേക്ക് വരാൻ ഞായറാഴ്‌ച രാവിലെ പത്തോടെയാണ് മംഗളൂരു വിമാനത്താവളത്തിൽ എത്തിയത്. തിങ്കളാഴ്ച രാവിലെ 10.30 ഓടെ ബജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറവൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഞായർ പകൽ ഒന്നോടെ അമ്മ രാധികയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നാൽ നാട്ടിലേക്ക് വരുന്ന വിവരം പറഞ്ഞില്ല. ഗൾഫിലുള്ള സുഹൃത്തുകൾ അർജുൻ വീട്ടിലെത്തിയോ എന്നന്വേഷിച്ച് വിളിച്ചപ്പോഴാണ് നാട്ടിലേക്ക് വന്നതായി വീട്ടുകാർ അറിയുന്നത്. തുടർന്ന് ബന്ധുക്കൾ മംഗൂളൂരു പൊലിസിൽ വിവരമറിയിച്ചു. അർജുന്റെ ഫോൺ ഞായറാഴ്ച രാത്രി വരെ റിങ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയോടെ നിലച്ചു. നാട്ടിൽ പോകുന്ന കാര്യം വീട്ടിൽ അറിയിക്കേണ്ടെന്ന് സുഹൃത്തുക്കളോടും പറഞ്ഞതായാണ് വിവരം.
സഹോദരിയുടെ മരണശേഷം അർജുൻ മനോവിഷമത്തിലായിരുന്നു. മെയ് മൂന്നിന് നടന്ന ആദ്യ നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജൂൺ 21 നടന്ന പുനപരീക്ഷയുടെ തയ്യാറെടുപ്പിനിടെ മാനസിക വിഷമത്തിലായിരുന്ന ഐജയെ ജൂണ്‍ രണ്ടിനാണ് പാലായിലെ ഹോസ്റ്റലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നാട്ടിലെത്തിയ അർജുൻ ചടങ്ങുകളെല്ലാം പൂർത്തിയാക്കി ജൂലൈ 21 നാണ് തിരികെപോയത്. ഒന്നര വർഷം മുമ്പാണ് ദുബായിൽ എത്തിയത്. ബിടെക് കഴിഞ്ഞ് അർജുന് അവിടെ സ്വകാര്യ കമ്പനിയിൽ ജോലിയായിരുന്നു. മരണക്കുറിപ്പായി സോറി അമ്മേ എന്നെഴുതിവച്ചിട്ടുണ്ട്. മൃതദേഹം മംഗളൂരവിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലെത്തിക്കും. അച്ഛൻ: ആർ മഹേഷ് (റിട്ട. വില്ലേജ് ഉദ്യോഗസ്ഥൻ). അമ്മ: രാധിക.









0 comments