ad
Deshabhimani

ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ റെക്കോഡ് കുതിപ്പ്

Russia-India Oil

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File

വെബ് ഡെസ്ക്

Published on Aug 10, 2026, 07:18 PM | 2 min read

ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ സർവകാല റെക്കോഡ്. ജൂൺ മാസത്തിൽ മാത്രം രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയിൽ റഷ്യയിൽ നിന്നുള്ള വിഹിതം 48 ശതമാനമായി ഉയർന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ ലക്ഷ്യമിട്ടുള്ള നിയമനിർമാണത്തിലേക്ക് അമേരിക്ക കടക്കുന്നതിനിടെയാണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്.


റഷ്യയിൽ നിന്ന് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ എണ്ണയും പ്രകൃതിവാതകവും വാങ്ങിയ രാജ്യങ്ങൾക്ക് മേലാണ് യുഎസ് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ ശ്രമിക്കുന്നത്. റഷ്യയ്ക്കും ഇറാനും ഉപരോധം ഏർപ്പെടുത്തുന്ന 2026ലെ ദ്വികക്ഷി ലിൻഡ്സെ ഒ ഗ്രഹാം നിയമം കഴിഞ്ഞ ആഴ്ച യുഎസ് സെനറ്റ് പാസാക്കിയിട്ടുണ്ട്. എന്നാൽ ഈ ബിൽ നിയമമാകുന്നതിന് മുമ്പ് യുഎസ് പ്രതിനിധി സഭ പാസാക്കേണ്ടതുണ്ട്. യുഎസ് അവതരിപ്പിച്ച ബിൽ, നിയമമായി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള 12 മാസം റഷ്യയിൽ നിന്ന് എണ്ണയോ പ്രകൃതിവാതകമോ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്ത അഞ്ച് രാജ്യങ്ങൾക്കും, നിയമം പ്രാബല്യത്തിൽ വന്ന് 30 ദിവസത്തിനുശേഷം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് തുടരുന്ന രാജ്യങ്ങൾക്കുമാണ് നിരക്ക് ബാധകമാകുക.


വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത് 2026 ജൂണിൽ ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതി ഗണ്യമായി കുറഞ്ഞുവെന്നാണ്. ജൂണില എണ്ണ ഇറക്കുമതി 18.2 ദശലക്ഷം മെട്രിക് ടൺ ആയി. മെയ് മാസത്തെ അപേക്ഷിച്ച് 16.5 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 13 ശതമാനമാണ് ഇറക്കുമതി കുറഞ്ഞത്. ഇന്ത്യയുടെ മൊത്തത്തിലുള്ള എണ്ണ ഇറക്കുമതി കുറഞ്ഞെങ്കിലും റഷ്യയിൽ നിന്നുള്ള ഇറക്കുമതിയെ ഇത് ബാധിച്ചില്ല.


റഷ്യൻ എണ്ണ ഇറക്കുമതിയിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. പശ്ചിമേഷ്യയിൽ ഇസ്രയേൽ - യുഎസ് സഖ്യം ഇറാനെതിരെ യുദ്ധം ആരംഭിച്ചശേഷം മാർച്ച് മുതൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി എല്ലാ മാസവും സ്ഥിരമായി വർധിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വിതരണം ഇപ്പോഴും തടസം നേരിടുന്നതിനാലാണ് റഷ്യയുടെ എണ്ണ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. അതേസമയം ഏപ്രിലിൽ ടണ്ണിന് 77.7 ഡോളർ ചുമത്തിയിരുന്ന റഷ്യ, ജൂണിൽ 10.6 ഡോളറായി ഇന്ത്യയ്ക്ക് ഈടാക്കുന്ന പ്രീമിയം കുറച്ചിട്ടുണ്ട്. 2026 ഫെബ്രുവരി വരെ റഷ്യ ഇന്ത്യയ്ക്ക് കിഴിവ് നൽകിയിരുന്നു.


യുഎസ് ഉപരോധവും, അധിക തീരുവയും ഒഴിവാക്കുന്നതിന് ഇന്ത്യ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കുന്നുണ്ടെങ്കിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ സാധ്യതയില്ല. റഷ്യക്ക് പുറമെ, യുഎഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. ജൂൺ മാസത്തിൽ രാജ്യത്തെ മൊത്തം എണ്ണ ഇറക്കുമതിയുടെ 17.5 ശതമാനം യുഎഇയിൽ നിന്നായിരുന്നു. അതായത് ജൂണിൽ രാജ്യത്തെ എണ്ണ ഇറക്കുമതിയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും റഷ്യയിൽ നിന്നും യുഎഇയിൽ നിന്നുമായിരുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home