കെ എം ബഷീർ കേസ്; ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് കോടതിയിൽ മൊഴി

കെ എം ബഷീർ, ശ്രീറാം വെങ്കിട്ടരാമൻ
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ തുടരുന്നു. കേസില്‍ തിരുവനന്തപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ സാക്ഷികൾ നിര്‍ണായക മൊഴി രേഖപ്പെടുത്തി. പത്തും പതിനൊന്നും സാക്ഷികളായി വിസ്തരിച്ച കേശവദാസപുരം സ്വദേശി ഡോ. അനീഷ് രാജും കുടപ്പനക്കുന്ന് സ്വദേശി ഐഎഎസ് ട്രെയിനി അതുലുമാണ് മൊഴി നല്‍കിയത്. അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയതായി ഡോ. അനീഷ് രാജ് മൊഴി നല്‍കി.
വസ്ത്രങ്ങള്‍ കവടിയാറിലെ സിവില്‍ സര്‍വീസ് ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുപോയി വെക്കുകയായിരുന്നു. തുടര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ശ്രീറാമിനെ ജനറല്‍ ആശുപത്രിയില്‍ നിന്നും കിംസ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പത്താം സാക്ഷിയായ ഡോ. അനീഷ് രാജ് പറഞ്ഞു. കവടിയാറിലെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ടും നീല ജീന്‍സും പൊലീസിനെ ഏല്‍പ്പിച്ചത് താനാണെന്നായിരുന്നു അതുലിന്റെ മൊഴി. കേസിലെ ആറാം സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷെഫീക്കും കോടതിയിൽ കൂറുമാറിയിരുന്നു. കേസിൽ സംസ്ഥന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചിരുന്നു.









0 comments