പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊലപ്പെടുത്തി തായ്ലൻഡ് എംപി; യൂട്യൂബ് ലൈവിലൂടെ കുറ്റസമ്മതം

ബാങ്കോക്ക്: മുൻ പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ തായ്ലൻഡ് എംപി അറസ്റ്റിൽ. നോന്തബുരി എംപിയായ ചലോംഗ് റിയോവ്രെങാണ് അറസ്റ്റിലായത്. നോന്തബുരി പ്രൊവിൻഷ്യൽ അഡ്മിനിസ്ട്രേറ്റീവ് ഓർഗനൈസേഷൻ പ്രസിഡന്റും റിട്ടയേർഡ് പൊലീസ് കേണലുമായ തോംഗ്ചായ് യെൻപ്രസെർട്ട് ആണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നാലെ യൂട്യൂബ് ലൈവിലൂടെ ഫോൺ വിളിച്ച് കുറ്റസമ്മതം നടത്തുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകയും അവതാരകയുമായ അഞ്ചലീ പൈരേരക്കിന്റെ യൂട്യൂബ് ലൈവ് സ്ട്രീമിങ് ഷോയിലേക്ക് വിളിച്ചാണ് കൊലപാതകത്തെക്കുറിച്ച് പറഞ്ഞത്. ബാങ്കോക്കിന് സമീപമുള്ള തോംഗ്ചായിയുടെ ഓഫീസിന് പുറത്തുവെച്ചാണ് വെടിവെയ്പ്പ് നടന്നത്. കഴുത്തിന് വെടിയേറ്റ തോംഗ്ചായ് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഷോയ്ക്കിടെ ഫോൺ കോൾ എടുത്ത അവതാരക എംപിയുടെ തുറന്നുപറച്ചിൽ കേട്ട് ഞെട്ടുകയായിരുന്നു. ഉദ്യോഗസ്ഥൻ മരിച്ചോയെന്നും നിങ്ങൾ പൊലീസിനായി കാത്തുനിൽക്കുവെന്നും ലൈവ് വീഡിയോയിൽ അവതാരക പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ വെച്ച് ചലോംഗ് പത്രസമ്മേളനം നടത്തുകയും ചെയ്തു. തോംഗ്ചായിയുമായി വ്യക്തിപരമായ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എംപി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ വാർത്താസമ്മേളനത്തിന് പിന്നാലെ വിവാദങ്ങളുമുയർന്നു. സിഗരറ്റ് വലിച്ച് കൊണ്ട് ആറ് മിനിറ്റിലധികം സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചുവെന്ന് ആരോപണങ്ങളുയർന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് മാപ്പ് പറയാൻ അവസരം നൽകാനാണ് ഈ അസാധാരണ നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. തായ്‌ലൻഡിലെ ഒരു സ്കൂളിൽ 14കാരൻ എട്ടുപേരെ വെടിവെച്ചുകൊന്ന സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് വീണ്ടുമൊരു വെടിവെയ്പ്പ് കൂടി ഉണ്ടായിരിക്കുന്നത്.









0 comments