കൊളംബിയയിൽ ശക്തമായ ഭൂചലനം; കെട്ടിടങ്ങൾക്ക് നാശനഷ്ടം

Photo Credit : AP via The Hindu
ബൊഗോട്ട : കൊളംബിയയിലെ ചോക്കോ മുനിസിപ്പാലിറ്റിയിലെ സാൻ ജോസ് ഡെൽ പാൽമറിനടുത്ത് ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഏകദേശം 107 കിലോ മീറ്റർവരെ വ്യാപ്തിയുള്ളതായിരുന്നു. അതേസമയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ മാറി സാൻ ജോസ് ഡെൽ പാൽമറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
പ്രഭവകേന്ദ്രത്തിൽ നിന്ന് വളരെ അകലെയുള്ള പ്രദേശങ്ങൾ ഉൾപ്പെടെ കൊളംബിയയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. കൊളംബിയക്ക് പുറത്ത് വെനസ്വേല അതിർത്തിയിലും, ഇക്വഡോറിലും ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. വെനസ്വേലയുടെ വടക്കൻ മേഖലയിൽ 6100ലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഇരട്ട ഭൂകമ്പങ്ങൾ നടന്ന് രണ്ട് മാസത്തിനുള്ളിലാണ് ഈ ഭൂകമ്പമുണ്ടാകുന്നത്.
ഭൂകമ്പത്തിൽ ക്വിബ്‌ഡോയിൽ കെട്ടിടങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ചോക്കോ ഗവർണർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തുകയാണെന്നും തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. തെക്കേ അമേരിക്കയിൽ ഭൂകമ്പ സാധ്യത കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കൊളംബിയ. രാജ്യത്ത് ഇതിനോടകം തന്നെ നിരവധി ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. 1979ൽ തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ ടുമാക്കോയ്ക്ക് സമീപം റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു അതിലേറ്റവും വിനാശകരമായത്.








0 comments