ഇന്തോനേഷ്യയിൽ വൻ കാട്ടുതീ; 1.07 ലക്ഷം ഹെക്ടർ ഭൂമി കത്തിനശിച്ചു

ഇന്തോനേഷ്യയിൽ വ്യാപിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാംഗങ്ങൾ | Photo by REINA / AFP
മൗണ്ട് ബ്രോമോ : രാജ്യത്ത് പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി ഇന്തോനേഷ്യ. കിഴക്കൻ ജാവയിലെ ദേശീയോദ്യാനത്തിലും സുമാത്രയിലെ പീറ്റ്‌ലാൻഡുകളിലും തീ പടർന്നു പിടിക്കുകയാണ്. ഇവിടേക്ക് 43 ഹെലികോപ്റ്ററുകളും നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളെയും ദുരന്തനിവാരണ സേനയേയും വിന്യസിച്ചതായി അധികൃതർ പറഞ്ഞു. രാജ്യത്തുടനീളം 1,07,000 ഹെക്ടറിലധികം വനങ്ങളും മറ്റ് ഭൂമിയും കത്തിനശിച്ചു. വരണ്ട കാലാവസ്ഥക്കൊപ്പം എൽ നിനോ ശക്തിപ്പെടുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന് അധികൃതർ അറിയിച്ചു.
കിഴക്കൻ ജാവയിലെ ബ്രോമോ ടെൻഗർ സെമെരു ദേശീയോദ്യാനത്തിലാണ് ഏറ്റവും വലിയ തീപിടുത്തം ഉണ്ടായത്. അവിടെ ഏകദേശം 743 ഹെക്ടർ കത്തിനശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഉണങ്ങിയ പുൽമേടുകൾ, സസ്യജാലങ്ങൾ, സംരക്ഷിത എഡൽവീസ് പൂക്കൾ എന്നിവയിലേക്കും തീ പടർന്നിട്ടുണ്ട്. ആർക്കും പരിക്കേൽക്കുകയോ ആളുകളെ മാറ്റിപ്പാർപ്പിക്കുകയോ ചെയ്തിട്ടില്ല.
അതേസമയം കാട്ടുതീ നിയന്ത്രിക്കാൻ ക്ലൗഡ് സീഡിംഗ് പോലുള്ള പരിമിതമായ ഓപ്ഷനുകൾ മാത്രമേയുള്ളൂ. ആഗസ്ത് 18 വരെ രാജ്യത്തിന് മുകളിൽ മഴമേഘങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. പ്രതികൂല കാലാവസ്ഥ കാരണം ക്ലൗഡ് സീഡിംഗ് സാധ്യമല്ലാത്ത സ്ഥിതിയാണുള്ളത്. മുആരോ ജാംബി ജില്ലയിലെ സുൻഗൈ ഗെലം ഗ്രാമത്തിൽ ഡസൻ കണക്കിന് ഹെക്ടർ പാം ഓയിൽ തോട്ടങ്ങൾ നശിച്ചു. എന്നാൽ തീയണക്കാനുള്ള ശ്രമങ്ങൾക്ക് ശക്തമായ കാറ്റ് തിരിച്ചടിയാവുകയാണ്. ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടുകയും വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകൾ ഉയരുകയും ചെയ്യുന്നുണ്ട്.









0 comments