സംഘടനകളുടെ പ്രതികാര നടപടിയിൽ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടമാകുന്നു; സര്‍ക്കാരിന്റെ നിലപാട് അപഹാസ്യം: എം വി ഗോവിന്ദൻ

തിരുവനന്തപുരം : ഭരണാനുകൂല സംഘടനകളുടെ പ്രതികാര നടപടിയിൽ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടമാകുന്ന അവസ്ഥ അംഗീകരിക്കാനാവാത്തതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാസർകോട് കലക്ട്രേറ്റിലെ സീനിയർ ക്ലാർക്ക് ആശാലത ജീവനൊടുക്കിയത് അങ്ങേയറ്റം വേദനാജനകവും ഞെട്ടിക്കുന്നതുമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ഭരണമാറ്റത്തെ തുടർന്ന് നടപ്പിലാക്കിയ നിർബന്ധ സെക്ഷൻ മാറ്റം സൃഷ്ടിച്ച മാനസിക സംഘർഷമാണ് ആശാലതയുടെ മരണത്തിന് കാരണം എന്നാണ് വിവരം. ഭരണത്തിൽ അഴിഞ്ഞാടുന്ന ഭരണാനുകൂല സംഘടനകളുടെയും സർക്കാറിന്റെയും മനുഷ്യത്വ രഹിതമായ നടപടികൾ മൂലം ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാകുന്നത് അങ്ങേയറ്റം ഹീനമാണ്.
ചട്ടവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവിൽ ഒപ്പിടാൻ തയ്യാറാകാത്തതിനാൽ എൻജിഒ അസോസിയേഷൻ നേതാക്കൾ രോഗികളുടെ മുന്നിൽവെച്ച് അധിക്ഷേപിച്ചതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗം സീനിയർ ഡോക്ടർ കെ വി രാധാമണിയെ പരിയാരം മെഡിക്കൽ കോളേജിൽ എം വി ഗോവിന്ദൻ സന്ദർശിച്ചു. എൻജിഒ അസോസിയേഷൻ നേതാക്കൾ രാധാമണിയെ ഡ്യൂട്ടിക്കിടയിൽ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഭിന്നശേഷിക്കാരെയും വിരമിക്കാൻ മാസങ്ങൾ മാത്രമുള്ളവരെയും ഭരണാനുകൂല സംഘടനയുടെ നിർദ്ദേശത്തിൽ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്നുണ്ട്. വീട്ടിൽ ഗുരുതര രോഗികളുള്ളവരും പ്രത്യേക പരിചരണം വേണ്ടുന്ന കുട്ടികളുള്ള രക്ഷിതാക്കളെയും മാറ്റിയത് മന:സാക്ഷിയില്ലാത്ത നടപടിയാണ്. ഒരുതരത്തിലുള്ള മാനദണ്ഡവും പാലിക്കാതെ, രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന സ്ഥലംമാറ്റങ്ങൾ സിവിൽ സർവീസിന്റെ സുഗമമായ പ്രവർത്തനത്തെ താറുമാറാക്കിയിരിക്കുകയാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന സർവീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇത്തരം നിലപാടുകൾ തിരുത്തണം.
താൽക്കാലിക ജീവനക്കാരെയും പെരുവഴിയിലാക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഡിജിറ്റൽ സർവേക്കായി രാപ്പകലില്ലാതെ അധ്വാനിച്ച 2,800 ജീവനക്കാരെ ശമ്പള കുടിശ്ശിക പോലും നൽകാതെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് അംഗീകരിക്കാനാവില്ല. പിഎസ്‌സി വഴി ജോലിയിൽ പ്രവേശിച്ച അധ്യാപകരെപ്പോലും പിരിച്ചു വിടുന്ന അപഹാസ്യമായ നടപടിയും കേരളം കണ്ടു. ജീവനക്കാരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയും, അധിക്ഷേപിക്കുകയും ചെയ്യുന്ന സർക്കാർ നിലപാടിനെതിരെ മുഴുവനാളുകളും പ്രതിഷേധമുയർത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments