6000ത്തിലധികം മത്സ്യത്തൊഴിലാളികൾക്ക് രക്ഷ; തെളിവായി കണക്കുകൾ: കൈത്താങ്ങായ എൽഡിഎഫ് സർക്കാർ

ഫോട്ടോ: എം എസ് ശ്രീധർലാൽ
തിരുവനന്തപുരം : കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി യുഡിഎഫ് സർക്കാർ നടത്തുന്ന രക്ഷാദൗത്യം ചരിത്രത്തിലാദ്യമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പൊള്ളവാദം പൊളിച്ച് കൂടുതൽ കണക്കുകൾ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന രക്ഷാദൗത്യങ്ങളുടെയും രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളുടെയും കണക്കുകൾ പുറത്തുവരുമ്പോൾ സതീശന്റെ വിടുവായത്തം വീണ്ടും വ്യക്തമാകുന്നു.
2015-16 കാലയളവിൽ 348 രക്ഷാപ്രവർത്തനങ്ങളാണ് നടത്തിയത്. 2,415 പേരെ രക്ഷപെടുത്തി. എന്നാൽ 2025-26 കാലയളവിൽ രക്ഷാപ്രവർത്തനങ്ങളുടെ എണ്ണം വർധിച്ചു. 560 രക്ഷാപ്രവർത്തനങ്ങൾ നടത്തിയപ്പോൾ 6,556 പേരെ രക്ഷപെടുത്തി. സർക്കാർ സംവിധാനങ്ങളുടെയും മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൃത്യവും വ്യക്തവുമായ ഇടപെടലുകളാണ് ഇത്രയധികം ജീവനുകൾ രക്ഷിച്ചത്. 2015-16ൽ 43 മത്സ്യത്തൊഴിലാളികളാണ് അപകടങ്ങളിൽ മരിച്ചത്. 2025-26ൽ മരണസംഖ്യ 55 ആയി ഉയർന്നു.
എന്നാൽ കണക്കുകൾ ഇങ്ങനെയാണെന്നിരിക്കെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തെരച്ചിൽ ഫലപ്രദമായിരുന്നില്ലെന്നും ഇപ്പോൾ നടക്കുന്ന തെരച്ചിൽ കേരള ചരിത്രത്തിലാദ്യമാണെന്നുമായിരുന്നു മുഖ്യമന്ത്രി സതീശൻ പറഞ്ഞത്. വിഴിഞ്ഞം, മുതലപ്പൊഴി, നീണ്ടകര എന്നിവിടങ്ങളിൽ നിന്ന് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് 11 ദിവസമായിട്ടും യാതൊരു വിവരവും ലഭിക്കാഞ്ഞ സാഹചര്യത്തിലാണ് തിരച്ചിൽ ഫലപ്രദമാണെന്ന് സതീശൻ പത്രസമ്മേളനത്തിൽ പറയുന്നത്. തിരച്ചിൽ കാര്യക്ഷമമാക്കാത്ത സർക്കാരിനെതിരെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ തന്നെ രംഗത്തുവന്നിരുന്നു. മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബത്തിന് നടുറോഡിൽ കുത്തിയിരുന്ന് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സമരം ചെയ്യേണ്ടിവന്നു. എന്നിട്ടും തിരച്ചിലിൽ കാര്യമായ പുരോഗതിയില്ല.
Related News
അപകടവിവരം അറിയിച്ചപ്പോൾ മുതൽ അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയാണ് ഉണ്ടായതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മുതലപ്പൊഴിയിൽ ഷിജിനെ കാണാതായ വിവരം അറിയിച്ചപ്പോൾ ലൈഫ്ബോയ നൽകിയിട്ട് നിങ്ങൾ തിരഞ്ഞോളു എന്നാണ് കോസ്റ്റൽ പൊലീസ് പറഞ്ഞത്. ഉപകരണങ്ങളില്ലെന്നും സംവിധാനങ്ങളില്ലെന്നുമാണ് മറ്റു സംഭവങ്ങളിലും കോസ്റ്റൽ പൊലീസടക്കമുള്ള അധികൃതർ പറയുന്നു. അപകടമുണ്ടായ ഉടൻ കൃത്യമായ വിവരം ലഭ്യമാക്കാനും അതിവേഗം രക്ഷാസംഘങ്ങളെ എത്തിക്കാനും കഴിയുന്ന സംവിധാനം ഉറപ്പാക്കുകയാണ് വേണ്ടത്. എന്നാൽ ഓരോ ദുരന്തത്തിനും പിന്നാലെ തെരച്ചിലിലെ കാലതാമസം, ഏകോപനക്കുറവ്, ആവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തത തുടങ്ങിയ പരാതികൾ ആവർത്തിക്കപ്പെടുകയാണ്.
സംവിധാനങ്ങളില്ലാതെയാണോ 2025-26 കാലയളവിൽ 6500ലധികം മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. പ്രതിഷേധങ്ങൾ കനക്കുമ്പോൾ മാത്രമാണ് യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും പ്രതികരിക്കുന്നത്. എന്നാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിനുപകരം മുൻസർക്കാരിന്റെ കാലത്തും അപകടങ്ങളുണ്ടായിട്ടുണ്ടെന്നുപറഞ്ഞ് സ്വയം പരിഹാസ്യരാവുക മാത്രമാണ് യുഡിഎഫ് ചെയ്യുന്നത്.









0 comments