ad
Deshabhimani

പ്രതിഷേധം കടുത്തപ്പോള്‍ യുപിഐ ഉപഭോക്താക്കൾക്ക് ചാർജ് ഇല്ലെന്ന വാദവുമായി ധനമന്ത്രി

nirmala
വെബ് ഡെസ്ക്

Published on Aug 10, 2026, 07:03 PM | 1 min read

ന്യൂഡൽഹി: യുപിഐ വഴി പണമടയ്ക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നികുതിയോ ഇടപാട് ചാർജുകളോ ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2007-ലെ പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷത്ത് നിന്നും പൊതുജനങ്ങളിൽ നിന്നും വൻ പ്രതിഷേധമുയർന്നിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.


ഡിജിറ്റൽ പേയ്മെൻ്റ് പ്രഖ്യാപനം നടത്തുമ്പോൾ പ്രധാനമന്ത്രി അന്ന് പറഞ്ഞത് സൗജന്യം ആയിരിക്കുമെന്നാണ്. എന്നാൽ 2000ത്തിന് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ്സ് ഡിസ്കൗണ്ട് റേറ്റ് എന്ന പേരിൽ 0.25 മുതൽ 0.40 ശതമാനം വരെ ഫീസ് ഈടാക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കം. പാർലമെന്റിൽ അവതരിപ്പിച്ച ഭേദ​ഗതി ‘മെർച്ചൻ്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എംഡിആർ) ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന ഒരു നിയമപരമായ ചട്ടക്കൂടാണ്.


ജൂലൈയിൽ മാത്രം യുപിഐ വഴി 29.9 ലക്ഷം കോടി രൂപയുടെ 2,360 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ കമ്പനികളാണ് ഇതിൽ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്. നിലവിൽ 54 കോടി ആളുകളാണ് യുപിഐ ഉപയോഗിക്കുന്നത്. പുതിയ ഭേ​ദകതി അനുസരിച്ച് ഈ നികുതി കച്ചവടക്കാരെ മാത്രമേ ബാധിക്കൂ എന്നാണ് മന്ത്രിയുടെ അവകാശവാദം. എന്നാൽ കച്ചവടക്കാരുടെ മേൽ വരുന്ന ഏത് അധിക സാമ്പത്തിക ബാധ്യതയും പതിയെ സാധാരണക്കാരായ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇതിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തുയർന്നത്.


"ഞങ്ങൾ കൊണ്ടുവരുന്ന നിയമഭേദഗതി യുപിഐ ഉപഭോക്താക്കൾക്ക് മേൽ യാതൊരുവിധ നികുതിയോ ഇടപാട് ചാർജോ ചുമത്തില്ല. വ്യക്തികൾ തമ്മിലുള്ള യുപിഐ ഇടപാടുകൾ പൂർണമായും സൗജന്യമായി തന്നെ തുടരും. സഭാവിയിൽ എംഡിആർ ഏർപ്പെടുത്തിയാൽ തന്നെ, അത് ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ചുരുക്കം ചില വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ബാധകമാകുക വ്യാപാരികൾ നടത്തുന്ന ഭൂരിഭാഗം യുപിഐ ഇടപാടുകളും സൗജന്യമായി തന്നെ തുടരും" നിർമല സീതാരാമൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home