റിയാദിൽ സോഫ നിർമാണശാലയിൽ തീപിടിത്തം; 16 ബംഗ്ലാദേശി തൊഴിലാളികൾക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സോഫ നിർമാണശാലയിലുണ്ടായ വൻ തീപിടിത്തത്തിൽ 16 ബംഗ്ലാദേശി തൊഴിലാളികൾ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ റിയാദിലെ തെക്കൻ മേഖലയിലുള്ള മൂസ സനയ്യ വ്യവസായ മേഖലയിലെ ഫാക്ടറിയിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിയാദിലെ ബംഗ്ലാദേശ് എംബസി അറിയിച്ചു.
തീപിടിത്തമുണ്ടാകുമ്പോൾ 17 ബംഗ്ലാദേശി തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്. ഇവരിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ രക്ഷപ്പെട്ടു. ഫാക്ടറിയുടെ മുൻവശത്താണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീ പടർന്നതോടെ കെട്ടിടത്തിന്റെ പ്രധാന വാതിലുകൾ അടഞ്ഞുപോയത് തൊഴിലാളികൾക്ക് പുറത്തുകടക്കുന്നതിന് തടസമായി. സോഫ നിർമാണത്തിനായി സൂക്ഷിച്ചിരുന്ന തീപിടിക്കാവുന്ന വസ്തുക്കളിലേക്ക് തീ അതിവേഗം പടർന്നതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്.
വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സൗദി സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ ബംഗ്ലാദേശിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റിയാദിലെ ബംഗ്ലാദേശ് എംബസി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായവും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ബംഗ്ലാദേശ് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദുരന്തത്തിൽ ബംഗ്ലാദേശി പൗരന്മാർ മരിച്ചതിൽ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയും വിദേശകാര്യ സെക്രട്ടറിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒരു സമയത്ത് ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്തിരുന്ന സ്ഥലമായിരുന്നു മൂസാ സനയ്യ. നിതാകത്തിനും കോവിഡിനും ശേഷം ഇവിടം ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികൾ കൂടുതലായി എത്തിത്തുടങ്ങി.










0 comments