print edition പിഎസ്‌സിയെ തകർക്കാൻ കെട്ടുകഥ: നുണകളുടെ ‘സോഴ്‌സ്’ കോൺഗ്രസ് സംഘടന


വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 06, 2026, 12:33 AM | 1 min read
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ തൊഴിൽ റിക്രൂട്ട്‌മെന്റ് ഏജൻസിയായ കേരള പിഎസ്‌സിയുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിത നീക്കവുമായി കോൺഗ്രസ് അനുകൂല സംഘടനയും മാധ്യമങ്ങളും. സാങ്കേതികപ്പിഴവുകളെയും പിഎസ്‌സിയുടെ പരിധിയിൽ വരാത്ത താൽക്കാലിക നിയമനങ്ങളെയും കുറിച്ച് ‘ബന്ധുനിയമനം, പിൻവാതിൽനിയമനം’ എന്നിങ്ങനെ വ്യാജവാർത്ത ചമയ്‌ക്കുന്നത് ഒരേ കേന്ദ്രത്തിൽനിന്ന്. കോൺഗ്രസ് സംഘടനയായ പിഎസ്‌സി എംപ്ലോയീസ് അസോസിയേഷനാണ് വ്യാജവാര്‍ത്തകള്‍ക്ക് പിന്നിൽ.
ഇവർ കെട്ടിച്ചമയ്‌ക്കുന്ന വിവരം ആധികാരികമാക്കി വാർത്തകളും പരന്പരയും സൃഷ്‌ടിക്കുകയാണ് ഒരു വിഭാഗം മാധ്യമങ്ങൾ. മലയാള മനോരമ, മാതൃഭൂമി, കേരള കൗമുദി, മാധ്യമം തുടങ്ങിയ പത്രങ്ങളും ചില വാർത്താചാനലുകളുമാണ് ആധികാരികമെന്ന മട്ടിൽ ഒരേ അച്ചിൽ കള്ളം വാർത്തെടുക്കുന്നത്. പരീക്ഷാ മൂല്യനിർണയത്തിൽ സാങ്കേതികപ്പിഴവുണ്ടായെന്ന് കണ്ടെത്തി, ആഭ്യന്തര വിജിലൻസിന് അന്വേഷണം കൈമാറിയ പിഎസ്‌സി അറിയിപ്പാണ് ഇല്ലാക്കഥയുടെ ഉറവിടം. പിഎസ്‌സി ഓഫീസ് അറ്റൻഡന്റ് നിയമനത്തിൽ എൽഡിഎ-ഫ് നേതാക്കൾ ബന്ധുക്കളെ തിരുകിക്കയറ്റിയെന്ന് മനോരമ പ്രചരിപ്പിക്കുന്നു. പിഎസ്‌സി ഓഫീസിലെ താൽകാലിക തസ്‌തിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നികത്തുന്നത്. അർഹരായവരുടെ പട്ടിക സീനിയോരിറ്റി പ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കൈമാറും. അതിൽനിന്ന് അഭിമുഖം നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണ് നിയമനം. ഇതൊന്നും പിഎസ്‌സി ചെയർമാനോ അംഗങ്ങളോ നടത്തുന്നതല്ല.
പിഎസ്‌സി ക്യാന്റീനിലും ബന്ധുനിയമനം എന്നാണ് മനോരമയുടെ മറ്റൊരു കണ്ടെത്തൽ. കാന്റീൻ നടത്തുന്നത് രജിസ്ട്രേഡ് സൊസൈറ്റിയാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുമുണ്ട്. ക്യാന്റീനിലെ തൊഴിലാളി നിയമനം ദിവസക്കൂലി അടിസ്ഥാനത്തിലോ കരാർ അടിസ്ഥാനത്തിലോ ആണ്, പിഎസ്‌സി വഴിയല്ല. പിഎസ്‌സിയെ തകർക്കണം. അതിനാണ് ഉൗതിപ്പെരുപ്പിച്ച കഥകളും കേട്ടുകേൾവിയും വാർത്തയാക്കുന്നത്.











0 comments