താജുദ്ദീന്റെ ‘സഹായം’ ഏഴാച്ചേരിയുടെ ജീവൻ

തിരുവനന്തപുരം
അടിയന്തരാവസ്ഥക്കാലത്ത് പൊലീസുകാർ നോട്ടമിട്ടിരുന്ന വ്യക്തികളിൽ എഴുത്തുകാരനും മുതിർന്ന മാധ്യമപ്രവർത്തകനുമായ ഏഴാച്ചേരിയുമുണ്ടായിരുന്നു. അന്ന് ദേശാഭിമാനിയുടെ ആലപ്പുഴ ജില്ലാലേഖകനായിരുന്നു അദ്ദേഹം. സിപിഐ എം നേതാക്കളായ ഇ കെ നായനാർ, പുത്തലത്ത് നാരായണൻ എന്നിവരൊക്കെ ആലപ്പുഴയിൽ എത്തുമ്പോൾ അവർക്ക് മിക്കപ്പോഴും താമസം ഒരുക്കുന്നത് ഏഴാച്ചേരിയായിരുന്നു. അതീവ രഹസ്യമായിട്ടാണ് അന്ന് നേതാക്കൾ ജില്ലയിൽ എത്തിയത്. നേതാക്കളുടെ നീക്കങ്ങൾ അറിയാൻ ഏഴാച്ചേരിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തു. കോൺഗ്രസിനും പൊലീസിനുമെതിരെ ദേശാഭിമാനിയിൽ നിരന്തരമായി വന്ന വാർത്തകളും പ്രകോപനമുണ്ടാക്കിയിരുന്നു.
അങ്ങനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് രഹസ്യനീക്കവും നടത്തി. അന്ന് അതിന് തടയിട്ടത് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയായിരുന്ന കെ ഒ താജുദ്ദീനാണ്. അദ്ദേഹം 1957ലെ ഇ എം എസ് സർക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്‌പീക്കറായിരുന്ന കെ ഒ അയിഷ ബായിയുടെ സഹോദരനാണ്. കസ്റ്റഡിയിലെടുത്തിരുന്നെങ്കിൽ പിന്നീട് പുറംലോകം കാണില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ഏഴാച്ചേരി ഓർമിക്കുന്നു. ഏറെക്കാലത്തിനുശേഷം ‘ഈ സഹായം’ താജുദ്ദീൻതന്നെയാണ് ഏഴാച്ചേരിയോട് പറയുന്നത്. കമ്യൂണിസ്റ്റ് പാർടി നേതാക്കൾ എവിടെയൊക്കെയാണെന്ന് അറിയാൻ ഏഴാച്ചേരി പുറത്തുണ്ടാകണമെന്ന് താജുദ്ദീൻ നിർദേശിച്ചതാണ് വഴിത്തിരിവായത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും അത് സമ്മതമായി. ആ ജീവൻ കസ്റ്റഡിയിൽ പൊലിയാതെ പിന്നീട് മലയാളത്തിന് എണ്ണം പറഞ്ഞ പത്രറിപ്പോർട്ടുകളും കവിതാസമാഹാരങ്ങളും ഗാനങ്ങളും സമ്മാനിച്ചു.









0 comments