ആർഎസ്എസുകാരന്റെ വീട്ടിൽ വൻ സ്‌ഫോടകവസ്തുശേഖരം ; 3 പേർ കസ്റ്റഡിയിൽ

സുരേഷ്‌കുമാർ
പാലക്കാട്
കല്ലേക്കാട് പൊടിപ്പാറയിലെ ആർഎസ്എസ് പ്രവർത്തകൻ സുരേഷ്‌കുമാറിന്റെ(38) വീട്ടിൽനിന്ന് പൊലീസ് വൻ സ്‌ഫോടകവസ്തുശേഖരം പിടിച്ചെടുത്തു. സുരേഷ്‌കുമാറിനെ അറസ്റ്റ് ചെയ്‌തു. പേഴുങ്കര പൂച്ചിങ്കൽ വീട്ടിൽ നൗഷാദ് (37), നൂറണി പൂളക്കാട് പള്ളിക്കൽ ഫാസിൽ (പാച്ചു– 27) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നാടൻബോംബ് രൂപത്തിലുള്ള 13 സ്ഫോടകവസ്തുക്കളും 24 ഡിറ്റനേറ്ററുകളും ഡൈനാമോ ബോക്‌സും പിടിച്ചെടുത്തു.
ബുധൻ രാവിലെ ഒമ്പതോടെയാണ് സംഭവം.
കഴിഞ്ഞമാസം 20ന് പാലക്കാട് വടക്കന്തറയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂൾപരിസരത്തുനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിന്റെ തുടർച്ചയായാണ് കൂടുതൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. വടക്കന്തറ സ്കൂളിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾക്ക് സുരേഷ്‌കുമാറിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയവയുമായി സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്കു പരിക്കേറ്റിരുന്നു.
മുന്പ് കിണർനിർമാണവും പാറ പൊട്ടിക്കലും നടത്തിയിരുന്ന സുരേഷ്‌കുമാറിന് സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യമുണ്ട്. ക്വാറി ആവശ്യങ്ങൾക്ക് സ്ഫോടകവസ്തുക്കൾ വിൽക്കുന്നവരിൽനിന്നാണ് ഇയാൾ ഡിറ്റനേറ്ററുകൾ ശേഖരിച്ചതെന്നാണ് വിവരം. പിടിയിലായ ഫാസിൽ, നൗഷാദ് എന്നിവർ മയക്കുമരുന്ന്, ആയുധം കൈവശംവച്ചതുൾപ്പെടെ നിരവധി കേസുകളിലും പ്രതികളാണ്.
സ്ഫോടക വസ്തുക്കൾ ബോംബ് സ്‌ക്വാഡ് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പൊലീസ് ഇവ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. സുരേഷ്‌കുമാർ മുഴുവൻ സമയ ആർഎസ്‌എസ് പ്രവർത്തകനാണ്. ലൈസൻസ് ഇല്ലാതെ സ്ഫോടക വസ്തുക്കൾ കൈവശം വച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ചോദ്യംചെയ്യലിനുശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.









0 comments