തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൗഹൃദമാക്കും: എം ബി രാജേഷ്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിന് സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിക്കുന്ന വിവരം സർക്കാർ പ്രഖ്യാപിച്ചതാണെന്നും അതിനുവേണ്ടിയുള്ള പ്രവർത്തനം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് (ഫാക്ടറികൾക്കും, വ്യാപാരങ്ങൾക്കും, സംരംഭക പ്രവർത്തനങ്ങൾക്കും, മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാലോചിതമായ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശ്രദ്ധ സർക്കാർ നൽകിയത് വ്യവസായ-വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടാണ്. 2024ൽ മാത്രം ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി 47 പരിഷ്കരണ നടപടികളാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് സ്വീകരിച്ചത്. ചട്ടങ്ങളിലും നടപടിക്രമത്തിലും ഓൺലൈൻ പ്ലാറ്റ്ഫോമിലുമുൾപ്പെടെ കൊണ്ടുവന്ന ഈ പരിഷ്കരണങ്ങൾ വ്യവസായ സമൂഹം ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേരളത്തിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഈ ഇടപെടൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിലെ പ്രധാന മാനദണ്ഡങ്ങളിലൊന്നായ മുൻസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും സേവനപ്രദാനത്തിന്റെ ഗുണമേന്മയിൽ കേരളം ഒന്നാം സ്ഥാനത്തെത്തിയത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സുപ്രധാന നേട്ടമാണെന്നും മന്ത്രി പറഞ്ഞു. സുതാര്യത വർധിപ്പിക്കുന്നതിന് ജനങ്ങൾക്ക് വേണ്ടി കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കുന്നതിനായി ഡാഷ്ബോർഡ്, സിറ്റിസൺ പോർട്ടലുകളുമടക്കം പരിഷ്കരിച്ചു. കെട്ടിട നിർമാണ പെർമ്മിറ്റ് ഫീസിൽ 60%വരെ കുറവ് വരുത്തുകയും ചെയ്തു. കെട്ടിട നിർമാണച്ചട്ടങ്ങളിൽ സമഗ്രമായ ഭേദഗതി നിർദേശിക്കുന്നതിന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള എല്ലാ സ്റ്റേക്ക് ഹോൾഡേഴ്സിനെയും ഉൾപ്പെടുത്തിക്കൊണ്ട് പ്രിൻസിപ്പൽ ഡയറക്ടറുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ കുതിപ്പിന് സുപ്രധാനമായ പങ്ക് വഹിക്കാൻ കെ സ്മാർട്ടിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സ്മാർട്ടിന്റെ ആദ്യഘട്ടം മുതൽക്കു തന്നെ വ്യവസായസൗഹൃദ നിർദ്ദേശങ്ങൾ പൂർണമായി ഉൾക്കൊണ്ടുകൊണ്ടാണ് സോഫ്ട്‍വെയർ വികസിപ്പിച്ചത്. ഒപ്പം ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി കാലാനുസൃതമായ മാറ്റങ്ങളും കൊണ്ടുവന്നു. ഏപ്രിലിൽ പഞ്ചായത്തുകളിൽക്കൂടി കെ സ്മാർട്ട് വിന്യസിക്കുന്നതോടെ ഇ ഗവേണൻസ് മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന വൻമുന്നേറ്റം വ്യവസായ സൗഹൃദാന്തരീക്ഷത്തിലും പ്രതിഫലിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.








0 comments