വേടന്റെയും ഗൗരിയുടെയും പാട്ട് സിലബസിൽ നിന്ന്‌ ഒഴിവാക്കുന്നത് പ്രതിഷേധാർഹം: മന്ത്രി വി ശിവൻകുട്ടി

gauri lakshmi V Sivankutty vedan

ഗൗരി ലക്ഷ്മി, മന്ത്രി വി ശിവൻകുട്ടി, വേടൻ

വെബ് ഡെസ്ക്

Published on Jul 20, 2025, 01:14 PM | 1 min read

തിരുവനന്തപുരം: കലിക്കറ്റ് സർവകലാശാല ബിരുദ സിലബസിൽനിന്ന്‌ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ധ സമിതിയുടെ ശുപാർശ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്.


അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


നാലുവർഷ ബിരുദ കോഴ്‌സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റർ സിലബസിലാണ് താരതമ്യ പഠനത്തിൽ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ റാപ് സംഗീതം ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദെ ഡോണ്ട് കെയർ എബൗട്ട് അസ്' റാപ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നിർദേശിച്ചത്. ഇതിനെതിരെയാണ് ബിജെപി സിൻഡിക്കറ്റംഗം എ കെ അനുരാജും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ചാൻസലർക്ക് പരാതി നൽകിയത്. ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ താൽക്കാലിക വിസി ഡോ. പി രവീന്ദ്രൻ റിപ്പോർട്ട് സമർപ്പിക്കാൻ ഡോ. എം എം ബഷീറിനെ നിയോഗിക്കുകയായിരുന്നു. വേടന്റെയും ഗൗരീലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ബഷീർ ശുപാർശയും നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home