ad
Deshabhimani

അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യകണ്ണിയെ ഡൽഹിയിൽ നിന്ന് പിടികൂടി കേരള എക്സൈസ്

international drug cartel arrest
വെബ് ഡെസ്ക്

Published on Dec 12, 2025, 07:00 PM | 1 min read

കൽപ്പറ്റ : അന്തർദേശീയ മയക്കു മരുന്നു ശൃഖലയിലെ മുഖ്യ കണ്ണിയെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടി വയനാട് എക്സൈസ് സംഘം. കേരളത്തിലും ബംഗളൂരു കേന്ദ്രീകരിച്ച് കർണ്ണാടകത്തിലും മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി മുഹമ്മദ് ജാമിയു അബ്ദു റഹീമി(24)നെയാണ് 10ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ജില്ലയിലെത്തിയ അന്വേഷണസംഘം കോടതിയിൽ ഹാജരാക്കി മാനന്തവാടി സബ് ജയിലിൽ റിമാൻഡ്‌ ചെയ്തു.


പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മൂന്നു മാസത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 2.50 കോടിയുടെ പണ കൈമാറ്റങ്ങളാണ് നടന്നതെന്നും കണ്ടെത്തി. ജില്ലയിൽ അന്വേഷണത്തിലുള്ള വിവിധ കേസുകളിലെ പ്രതികളിൽ നിന്നും പണം സ്വീകരിച്ച് മയക്കുമരുന്ന് പ്രതികൾക്ക് ലഭ്യമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ബംഗളൂരുവിലെ മറ്റ് ആഫ്രിക്കൻ സ്വദേശികൾക്ക് മയക്കുമരുന്ന് ലഭ്യമാക്കുന്നതും അബ്ദു റഹീമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. രണ്ട് മാസമായി പ്രതി നിരീക്ഷണത്തിലായിരുന്നു.


സംഘം ഡൽഹിയിലെത്തിയപ്പോൾ പ്രതി എത്യോപ്യ വഴി നൈജീരിയയിലേക്ക് കടന്നു. എത്യോപ്യയിലെ അഡിസ് അബാബ വിമാനത്താവളത്തിലൂടെയാണ് പ്രതി നൈജീരിയയിലേക്ക് കടക്കുന്നതെന്നും ഒരേ വിമാനത്തിൽ മാസത്തിൽ രണ്ട് തവണ നൈജീരിയയിലേക്ക് പോയി വരാറുണ്ടെന്നും കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി. ജില്ലാ പൊലീസ് മേധാവിയുടെ സഹായത്തോടെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. തുടർന്ന് ഇന്ത്യയിലേക്ക് എത്തിയ പ്രതിയെ ബ്യൂറോ ഓഫ് എമിഗ്രേഷന്റെ സഹായത്തോടെ അറസ്റ്റു ചെയ്യുകയായിരുന്നു. എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി പാട്യാല കോടതിയുടെ അനുമതിയോടെ വിമാനമാർഗം സിഐഎസ്എഫിന്റെ പ്രത്യേക സുരക്ഷയോടെ കേരളത്തിലെത്തിച്ചു.


മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ എക്സൈസിന്റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഈ അറസ്റ്റെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. എക്സൈസ് സേനാംഗങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും മന്ത്രി കുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home