എല്ലാം സ്വകാര്യവൽക്കരിക്കുന്നു; തൊഴിലാളികൾ എങ്ങനെ ജീവിക്കും: എളമരം കരീം

തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവൽക്കരിക്കുമ്പോൾ തൊഴിലാളികൾ എങ്ങനെ ജീവിക്കുമെന്ന് കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം.
അഖിലേന്ത്യ പൊതുപണിമുടക്കിന്റെ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രചാരണജാഥയുടെ സമാപന സമ്മേളനം പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ ആസ്തികൾ ചുളുവിലയ്‌ക്ക് മുതലാളിമാർക്ക് വിറ്റു. എക്സ്പ്രസ് ഹൈവേകൾ മുതലാളിമാർക്ക് നൽകാൻ പോകുന്നു. പാരമ്പര്യേതര ഊർജ പദ്ധതികളെല്ലാം സ്വകാര്യവൽക്കരിക്കുന്നു.
ക്രോസ് സബ്സിഡി ഇല്ലാതാക്കുന്നു. ഇതോടെ മുതലാളിയും തൊഴിലാളിയും വൈദ്യുതിക്ക് ഒരേ നിരക്ക് നൽകേണ്ടിവരും. എണ്ണമേഖല, ഗ്യാസ് എന്നിവയെല്ലാം വിറ്റഴിക്കുന്നു. ഇത് അംഗീകരിക്കുന്നുണ്ടോ. ജീവന്റെ തരി ഉണ്ടെങ്കിൽ ചെറുത്തു നിൽക്കണം. ജീവിത ചെലവുകൾ വർധിക്കുന്നു. അതിനനുസരിച്ച് വരുമാനം ലഭിക്കുന്നില്ല. ഭൂരിപക്ഷം പേർക്കും ചെറിയ വരുമാനമാണുള്ളത്. ഒമ്പതിന് നടക്കുന്നത് ദേശാഭിമാന സമരമാണെന്നും തെറ്റായ കേന്ദ്രനയങ്ങൾ തിരുത്തുന്നതുവരെ ശക്തമായി പോരാടണമെന്നും എളമരം കരീം പറഞ്ഞു.









0 comments