print edition ഭരണമില്ലെങ്കിലും അഴിമതിക്ക് കുറവില്ല

തിരുവനന്തപുരം : ഭരണത്തിനുപുറത്തായിട്ടും പത്തുവർഷത്തിനിടെ യുഡിഎഫ് നേതാക്കളുടെ പേരിൽ ഉയർന്ന അഴിമതി ആരോപണങ്ങൾക്ക് കണക്കില്ല. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ ഹരിയാന നിയമസഭാതെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്‌ദാനം നൽകി ഏഴുകോടി രൂപ കോഴവാങ്ങി എന്ന ആരോപണമാണ് ഒടുവിലത്തേത്.
ഹരിയാനയിലെ മഹിളാ കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയുടെ ഭർത്താവ് കേരളത്തിൽ നേരിട്ടെത്തിയാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
പ്രളയത്തിൽ കെപിസിസി ആയിരം വീട് നിർമിച്ചുനൽകുമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തിയെങ്കിലും എവിടെയുമെത്തിയില്ല. ഇക്കാര്യത്തിൽ ഉന്നതനേതാക്കൾ പരസ്‌പരം പഴിചാരി രംഗത്തുവന്നു. മുണ്ടക്കൈയിൽ വീടുവച്ചുനൽകുമെന്നുപറഞ്ഞ് യൂത്ത്‌കോൺഗ്രസ് നേതൃത്വത്തിൽ കോടികളുടെ പണപ്പിരിവാണ് നടത്തിയത്. പിരിച്ച പണത്തിന്റെ കണക്ക് പുറത്തുവിടാൻ ഇതുവരെ തയ്യാറായിട്ടില്ല. ദീർഘകാലം മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന കെ കരുണാകരന്റെ സ്‌മാരകം നിർമാണത്തിന്റെ പേരിലും കോടികൾ പിരിച്ചു. സ്‌മരാകവും ഉയർന്നില്ല, കണക്കും പുറത്തുവന്നില്ല.
പറവൂരിലെ പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് കോടികൾ പിരിച്ചെന്ന ആക്ഷേപം ഉയർന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ. കേസ് വിജിലൻസിനു മുന്നിലുമെത്തി. സതീശൻ ബെർമിങ്‌ഹാമിൽ പണം അഭ്യർഥിക്കുന്നതിന്റെയും വിദേശത്തുനിന്ന് പണം പിരിച്ചെന്ന് വാർത്താസമ്മേളനം നടത്തിയതിന്റെയും ദൃശ്യങ്ങളടക്കം പുറത്തുവന്നു. കോണ്‍ഗ്രസ് നേതാവായ മാത്യു കുഴല്‍നാടന്‍ ചിന്നക്കനാലില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോര്‍ട്ടും ബിനാമി ഇടപാടിലൂടെയും ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ചും സ്വന്തമാക്കിയെന്ന ആക്ഷേപവും ഉയർന്നു.
അൺഎംപ്ലോയീസ് സോഷ്യൽ വെൽഫെയർ സൊസൈറ്റി നിക്ഷേപ തട്ടിപ്പുകേസിൽ മുൻ മന്ത്രികൂടിയായ വി എസ് ശിവകുമാറിന്റെ പേരാണ് ഉയർന്നത്.
ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ നിയമന ഉത്തരവുകൾ നൽകി പണം തട്ടിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരവിന്ദ് വെട്ടിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പു കേസിൽ മുൻ എംഎൽഎയും മുസ്ലിംലീഗ് നേതാവുമായ എം സി ഖമറുദ്ദീൻ മൂന്നുവട്ടമാണ് റിമാൻഡിലായത്.
കോൺഗ്രസുകാരുടെ അതിക്രമത്തിൽനിന്ന് സ്വന്തം നേതാക്കൾക്കുപോലും രക്ഷയില്ലെന്നു തെളിയിക്കുന്നതായിരുന്നു കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രന്റെ മരണം. പ്രതാപചന്ദ്രന്റെ മരണം പാർടിയിലെ ചിലരുടെ മാനസിക പീഡനം മൂലമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മക്കളായ പ്രജിത്തും പ്രീതിയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങിയാണ് വയനാട് ഡിസിസി ട്രഷററായിരുന്ന എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയത്.










0 comments