print edition രക്ഷാപ്രവർത്തകർക്കും രക്ഷയില്ല

പെരുമഴയൊഴിഞ്ഞെങ്കിലും ആകുലതകളുടെ മരംപെയ്യുകയാണിപ്പോഴും. പ്രളയം ബാധിച്ച വീടുകളുടെ ചുവരുകളിലിപ്പോഴും ഭീതിയുടെ ചെളിപ്പാടുകൾ. ‘വീടും പരിസരവും ഇനിയെന്ന് കഴുകി വൃത്തിയാക്കും? എവിടെനിന്നു തുടങ്ങും?’ ഒട്ടേറെ ആശങ്കകളുമായാണ് ആയിരങ്ങൾ വീട്ടിലേക്ക് മടങ്ങിയത്.
ഓർമയില്ലേ 2018ലെ മഹാപ്രളയം? അന്നത്തെ ദുരിതപ്പെയ്‌ത്തിൽ മലയാളികളെ ഭയം കീഴ്‌പെടുത്തിയിരുന്നില്ല. സ്വജീവൻ പണയംവച്ച് പെരുമഴയിൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ അനേകം മനുഷ്യരും അന്നത്തെ എൽഡിഎഫ് സർക്കാരും പ്രളയബാധിതരെ ചേർത്തുപിടിച്ചു. സർക്കാർ രക്ഷാപ്രവർത്തകർക്ക് എല്ലാ സൗകര്യവും ഉറപ്പാക്കി. അവരെ ആദരിച്ചു.
എന്നാൽ, ഇക്കഴിഞ്ഞ ദുരന്തത്തിലോ? രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്‌ടമായ രാജേഷിന്റെ മൃതദേഹത്തെപ്പോലും മാനിച്ചില്ല. ദുരന്തനിവാരണം ഏകോപിപ്പിക്കേണ്ട മന്ത്രിമാർ രക്ഷയ്‌ക്കെത്തിയവരെ അധിക്ഷേപിച്ചു. ഏത് വലിയ പ്രളയത്തേക്കാളും സാധാരണ മനുഷ്യരുടെ നെഞ്ചുപിളർത്തുന്നത് സർക്കാരിന്റെ നിസ്സംഗതയായിരുന്നു.
മൃതദേഹത്തോടും ക്രൂരത
കണ്ണൂർ ചെറുപുഴ മീൻതുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ തിരുവനന്തപുരം കല്ലിയൂർ കിഴക്കേ തെറ്റിവിള രാജേഷ് ഭവനിൽ ആർ രാജേഷ് മരിച്ചത് മലയാളികൾക്ക് തീരാവേദനയായി. ആഗസ്‌ത് ഒന്നിന് കാര്യങ്കോട് പുഴയിലെ വെള്ളപ്പൊക്കത്തിൽപ്പെട്ട പുളിങ്ങോത്തെ ബെന്നിയെ രക്ഷിക്കാനാണ് രാജേഷ് സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങിയത്. സ്വരക്ഷയ്‌ക്ക് ധരിച്ച ജാക്കറ്റ് ഉൗരി ബെന്നിയെ ധരിപ്പിച്ച് അയാൾക്കൊപ്പം നീന്തി പുഴ കടക്കവെയാണ് റോപ്പിൽനിന്ന് പിടിവിട്ട് രാജേഷ് ഒഴുക്കിൽപ്പെട്ടത്.
രക്ഷാപ്രവർത്തനത്തിന് മുൻകൈയെടുക്കേണ്ട റവന്യുവകുപ്പ് അധികൃതർ രണ്ടുദിവസം തിരിഞ്ഞുനോക്കിയില്ല. സ്ഥലം എംഎൽഎ വി കുഞ്ഞിക്കൃഷ്‌ണൻ അതേക്കുറിച്ച് തനിക്കറിയില്ലെന്നു പറഞ്ഞ് കൈകഴുകി. ഒഴുക്കിൽപ്പെട്ടയാളുടെ സുഹൃത്തുക്കളും പൊലീസും നാട്ടുകാരും സന്നദ്ധപ്രവർത്തകരുമാണ് തിരച്ചിലിനുണ്ടായത്. റവന്യുസംഘം എത്തിയതും രണ്ടുദിവസം കഴിഞ്ഞ്. ദിവസങ്ങൾ കഴിഞ്ഞാണ് ജീർണിച്ച നിലയിൽ രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം നാട്ടിലേക്കയച്ചതും വിവാദമായി. റവന്യുവകുപ്പ് പണം അനുവദിക്കാതിരുന്നതിനാലാണ് ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊടുത്തയച്ചത്.
സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി
കണ്ണൂർ ജില്ലയിൽ ഒഴുക്കിൽപ്പെട്ടവർക്കുവേണ്ടി തിരച്ചിലിന് സ്വയം തയ്യാറായി വന്ന രക്ഷാപ്രവർത്തകരുടെ ഉത്തരവാദിത്വം സർക്കാരിനില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്. രക്ഷാപ്രവർത്തനത്തിന് വരുന്നവരെ ആരും തടയേണ്ടതില്ലെന്നും പക്ഷേ, അവരുടെ ഉത്തരവാദിത്വമൊന്നും സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. ‘നേരത്തേ വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലും ഇപ്പോൾ കള്ളാടിയിലും അപകടമുണ്ടായപ്പോൾ തിരച്ചിലിന് നാട്ടുകാർ ഉൾപ്പെടെയുള്ളവർ ഇറങ്ങിയിട്ടുണ്ട്. അവരെ പൂർണമായും നിരോധിക്കാനാകില്ല. പക്ഷേ, ഇറങ്ങുന്നവരെ സംബന്ധിച്ച് അവരുടെ പൂർണ ഉത്തരവാദിത്വം അവരവർക്കുമാത്രമാകും. അതൊക്കെ സ്വന്തം റിസ്‌കിലാകണം’– മന്ത്രി പറഞ്ഞു. ഒഴുക്കിൽപ്പെട്ട ഹനീഫയ്‌ക്കുവേണ്ടി തിരച്ചിൽ നടക്കുന്ന സ്ഥലത്ത് അഗ്നി രക്ഷാസേന– റവന്യു ഉദ്യോഗസ്ഥരോടും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോടുമായിട്ടായിരുന്നു നിർദേശം.
അവലോകനയോഗം 13 മണിക്കൂറിനുശേഷം
ഇടുക്കിയിൽ വലിയ കെടുതിയുണ്ടായിട്ടും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടവർ എവിടെയെന്നറിയാതെ ജനം വലഞ്ഞു. അവലോകനയോഗം നടത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് എത്താൻ വൈകി. രണ്ടു ജീവനുകൾ നഷ്‍ടപ്പെട്ട് 13 മണിക്കൂറിനുശേഷമാണ് യോഗം ആരംഭിച്ചത്. ജൂലൈ അവസാനദിവസങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിട്ടും സർക്കാർ അലസത കാട്ടി.
പ്രതികാര സ്ഥലംമാറ്റവും താളംതെറ്റിച്ചു
ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പരിചിതരായ പഞ്ചായത്ത് സെക്രട്ടറിമാരടക്കമുള്ള ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതും ദുരിതാശ്വാസ ഏകോപനത്തെ തകിടംമറിച്ചു. വെള്ളപ്പൊക്കദുരിതമേറിയ കുട്ടനാട്ടിലെ വെളിയനാട്, കാവാലം പഞ്ചായത്തുകളിലെ സെക്രട്ടറിമാരെ മാറ്റി. യുഡിഎഫ് അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ 58 റവന്യു ജീവനക്കാരെ സ്ഥലംമാറ്റിയിരുന്നു.
"സ്വന്തം റിസ്‌കിൽ' അവരെത്തി
സർക്കാർതലത്തിലുള്ള രക്ഷാപ്രവർത്തകർ വൈകിയത് കാരണം പലയിടങ്ങളിലും നാട്ടുകാർക്ക് മണിക്കൂറുകളോളം രക്ഷാപ്രവർത്തനം നടത്തേണ്ടിവന്നു. സർക്കാർ അടിസ്ഥാനസൗകര്യം നൽകിയില്ലെങ്കിലും നിരവധിപേർ ഓടിയെത്തി. റാന്നിയിലും കോന്നിയിലും സ്ഥിതി ഗുരുതരമായിരുന്നു. എൻഡിആർഎഫ് സംഘമെത്താൻ മണിക്കൂറുകൾ വൈകി. രണ്ടുദിവസംമുതൽ കനത്തമഴ പെയ്‌തിട്ടും അപകടസാധ്യത മനസ്സിലാക്കി മുൻകരുതൽ സ്വീകരിക്കാൻ അധികൃതർക്കായില്ല. റാന്നിയിൽ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ച് ഏറെ വൈകിയാണ് ഒൗദ്യോഗികസംഘം എത്തിയത്.
ആഗസ്‌ത് ഒന്നിന് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രളയസമാനമായ സാഹചര്യം. നെടിയിരുപ്പ് നീറാടിൽ തോട്ടിൽ വീണ് നാലുവയസ്സുകാരനും വണ്ടൂർ ഏറിയാട് കണ്ടമംഗലത്ത് രണ്ടുവയസ്സുകാരനും മരിച്ചു. ഹാജിയാർപള്ളിയിൽമാത്രം 25 വീടുകളിൽ വെള്ളം കയറി. കൈനോട് വീടുകൾക്കുസമീപം മണ്ണിടിഞ്ഞതോടെ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നാലു ദുരിതാശ്വാസക്യാന്പ് തുറന്ന് 70 പേരെ പാർപ്പിച്ചെങ്കിലും അടിയന്തരസഹായം എത്തിക്കുന്നതിലും ദുരിതബാധിതരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നതിലും സർക്കാർ പരാജയപ്പെട്ടു. മഴക്കെടുതിയിൽ ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഏകോപനച്ചുമതലയുള്ള റവന്യുമന്ത്രി എ പി അനിൽകുമാർ ജില്ലയിലുണ്ടായിരുന്നു. എന്നാൽ, സാഹചര്യം കണക്കിലെടുത്ത് പ്രത്യേക യോഗം ചേരാനോ നിർദേശം നൽകാനോ തയ്യാറായില്ല. മുഖ്യമന്ത്രിയും സ്‌പീക്കറും മുസ്ലിംലീഗിന്റെ അഞ്ചു മന്ത്രിമാരും മന്ത്രി കെ എ തുളസിയും ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തെങ്കിലും ഗുരുതരസാഹചര്യം കണ്ടില്ലെന്നു നടിച്ചു.
(അവസാനിക്കുന്നില്ല)










0 comments