ആധുനിക സിഗ്‌നലിങ് പൂർത്തിയാകുന്നു ; എറണാകുളം–ഷൊർണൂർ പാതയിൽ കൂടുതൽ ട്രെയിൻ

ആലപ്പുഴ : എറണാകുളം–ഷൊർണൂർ റെയിൽപ്പാതയിൽ ആധുനിക സിഗ്‌നലിങ് സംവിധാനം സ്ഥാപിക്കുന്നത് അവസാനഘട്ടത്തിൽ. പണി പൂർത്തിയായാൽ പാതയിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാനാവും. ഇപ്പോൾ ട്രെയിൻ ഒരു സ്‌റ്റേഷൻ വിട്ടുകഴിഞ്ഞാൽ എട്ടുകിലോമീറ്ററോളം എത്തിയതിനുശേഷമേ പിന്നാലെ ട്രെയിൻ വിടാനാവൂ. എന്നാൽ, പുതിയ സിഗ്‌നലിങ് സംവിധാനം വന്നാൽ രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ വേറെ ട്രെയിൻ വിടാം. ഇങ്ങനെ സമയം ലാഭിച്ചാണ് കൂടുതൽ ട്രെയിനുകൾ ഓടിക്കുക. എന്നാൽ ഒട്ടേറെ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഉള്ള പാതയിൽ ട്രെയിനുകളുടെ വേഗം 80 കിലോമീറ്ററിനപ്പുറം കൂട്ടാനാവില്ല.
ദക്ഷിണ റെയിൽവേയുടെ സിഗ്‌നലിങ് ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗമാണ് ആധുനിക സിഗ്‌നലിങ് സംവിധാനം സ്ഥാപിക്കുന്നത്. എറണാകുളം, ആലുവ, അങ്കമാലി സ്‌റ്റേഷനുകളിലാണ് പൂർണമായും ആധുനിക സിഗ്‌നലിങ് വരിക. ബാക്കിയുള്ള ഭാഗത്ത് നിലവിലുള്ളതിനൊപ്പം സാങ്കേതിക സംവിധാനം കൂട്ടിയിണക്കും. ഇതിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസിക്ക് കൈമാറും.
എറണാകുളം-ഷൊർണൂർ മൂന്നാം പാതയുടെ വിശദ പദ്ധതി റിപ്പോർട്ടും (ഡിപിആർ) തയ്യാറായി. റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനാവുന്ന പാതയാണ് ഉദ്ദേശിക്കുന്നത്. റെയിൽവേ കൺസ്‌ട്രക്‌ഷൻ വിഭാഗമാണ് ഡിപിആർ തയ്യാറാക്കിയത്. എന്നാൽ, പുതിയ പാത സാമ്പത്തികലാഭം ഉണ്ടാക്കില്ലെന്നും അതിനാൽ റെയിൽവേബോർഡിന് പദ്ധതിയോട് താൽപ്പര്യമില്ലെന്നും സൂചനയുണ്ട്.









0 comments