print edition പൊലീസ് സ്‌റ്റേഷനിലെ എംഡിഎംഎ മോഷണം; അന്വേഷണത്തോട് സഹകരിക്കാതെ എസ്‌ഐ, ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചന

കൊച്ചി : എറണാകുളം സെൻട്രൽ പൊലീസ് സ്‌റ്റേഷനിൽ തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ച കേസിൽ അന്വേഷണത്തോട് സഹകരിക്കാതെ പ്രതി എസ്ഐ അനസ് എസ് തൗഫീക്ക്. ചോദ്യംചെയ്യലിൽ കൃത്യമായ മറുപടി നൽകാതെ ഇയാൾ അന്വേഷകസംഘത്തെ കബളിപ്പിക്കുകയാണ്. മോഷ്ടിച്ചിട്ടില്ലെന്നുമാത്രമാണ് അനസിന്റെ മറുപടി. നാർകോട്ടിക് സെൽ എസിപി എ അനന്തലാലിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ.
അനസിന് കൊച്ചിയിലെ ലഹരിമാഫിയാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. അനസിനെ ചോദ്യംചെയ്യലിനായി അഞ്ചുദിവസത്തേക്കാണ് കസ്‌റ്റഡിയിൽ വിട്ടിട്ടുള്ളത്.
അറസ്‌റ്റിലായ എസ്‌ഐ അനസ് ‘തൂഫാൻ പോരാളി’കൂടിയാണ്. നിലവിൽ സസ്‌പെൻഷനിലാണിയാൾ.
അനസിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ആദ്യംമുതൽ അന്വേഷകസംഘം സംശയിച്ചിരുന്നു. മോഷ്ടിച്ച 87 ഗ്രാം എംഡിഎംഎ ലഹരിമാഫിയുടെ സഹായത്തോടെ വിറ്റതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസ് നടപടികൾക്കുശേഷം നശിപ്പിക്കാൻ സൂക്ഷിച്ച എംഡിഎംഎയാണ് മോഷ്ടിച്ചത്.
എളമക്കര പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത മയക്കുമരുന്നുകേസിൽ പിടിച്ചെടുത്തതാണിത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അലമാരയിൽ സീൽ ചെയ്‌ത കവറിലാണ് 87.370 ഗ്രാം എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 18ന് ഇൗ കവർ അനസ് മോഷ്ടിക്കുകയും തിരികെ 26ന് സീൽ ചെയ്യാത്ത മറ്റൊരു കവർ കൊണ്ടുവയ്‌ക്കുകയും ചെയ്‌തു. ഇതിന് 202 ഗ്രാം തൂക്കമുണ്ടായിരുന്നു. അളവുവ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോൾ എസ്‌എച്ച്‌ഒ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അനസിൽനിന്ന് വിശദീകരണം തേടിയപ്പോഴാണ് മോഷണവിവരം പുറത്തായത്.









0 comments