print edition ആസൂത്രണ ബോർഡ് ചീഫ് നിയമനം; പിഎസ്‍സി നടപടി ശരിവച്ചു

തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (പെഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ) തസ്തികയിലേക്ക് പിഎസ്‍സി നടത്തിയ നിയമനം ശരിവച്ച് ഹൈക്കോടതി. പിഎസ്‍സി സ്വീകരിച്ച നിലപാടും യോഗ്യതാ മാനദണ്ഡവും അംഗീകരിച്ച കോടതി പരാതിക്കാരുടെ ഹർജി തള്ളി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളി കൃഷ്ണ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന വിധി.
മൂല്യനിർണയത്തിലെ സാങ്കേതിക പിഴവിനെത്തുടർന്ന് റദ്ദാക്കിയ ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ) തസ്തികയ്ക്കൊപ്പം നടത്തിയ പരീക്ഷയാണിത്. പെഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ തസ്തികയിലേക്ക് 2022 ഡിസംബർ 31നാണ് പിഎസ്‍സി വിജ്ഞാപനം ഇറക്കിയത്. ഈ തസ്തികയിലുള്ള യോഗ്യതകളായി നിഷ്കർഷിച്ചത് ഇക്കണോമിക്സ് / മാത്‌സ് ബിരുദാനന്തര ബിരുദവും സ്റ്റാറ്റിസ്റ്റിക്സിൽ ഡിപ്ലോമയുമാണ്.
അല്ലെങ്കിൽ ഇക്കണോമെട്രിക്സ് ആൻഡ് ഇക്കണോമിക് ഫോർകാസ്റ്റിങ് പരിശീലനം നേടണം. ഏഴ് മാസത്തെ പ്രവൃത്തി പരിചയവും വേണം. എന്നാൽ തങ്ങൾക്ക് ഈ ഡിപ്ലോമയോ ട്രെയിനിങ്ങോ ആവശ്യമില്ലെന്നും വകുപ്പ് തലത്തിലുള്ളവർക്ക് യോഗ്യതകളിൽ പൂർണ ഇളവുണ്ടെന്നും പിഎച്ച്ഡി യോഗ്യതക്കാർക്ക് മറ്റ് നിബന്ധന ബാധകമല്ലെന്നുമാണ് ഹർജിക്കാരുടെ വാദം.
ഇത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് ഉദ്യോഗാർഥികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ആസൂത്രണ ബോർഡിൽ ചീഫ് തസ്തികയിൽ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാൻ കോ -ഓർഡിനേഷൻ ഡിവിഷൻ, പെഴ്‌സ്‌പെക്‌ടീവ് പ്ലാനിങ് ഡിവിഷൻ എന്നിങ്ങനെ മൂന്ന് കാറ്റഗറികളിലായാണ് പരീക്ഷ നടന്നത്.
2023 ജൂലായ് 13നായിരുന്നു മൂന്ന് തസ്തികകളിലും പരീക്ഷ. മൂല്യനിർണയത്തിലെ പിഴവ് കണ്ടതോടെ ഈ തസ്തികകളുടെ റാങ്ക്പട്ടിക റദ്ദാക്കി. പിന്നീട് പുനർമൂല്യനിർണയം നടത്തി കഴിഞ്ഞ മാസം പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴും പെഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ തസ്തികയുടെ റാങ്ക് പട്ടികയിൽ മാറ്റമുണ്ടായില്ല.









0 comments