ad
Deshabhimani

ഇഡി റെയ്ഡ് സംസ്ഥാന അധികാരത്തിന്മേലുള്ള കടന്നുകയറ്റം; നോട്ടീസ് പോലുമില്ലാതെ വേട്ട: ഇപി ജയരാജൻ

ep jayarajan
വെബ് ഡെസ്ക്

Published on May 28, 2026, 05:59 PM | 1 min read

കണ്ണൂർ: ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിലടക്കം എക്‌സാലോജിക് ഇടപാടിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണെന്ന് സിപിഐ എം നേതാവ് ഇപി ജയരാജൻ.


സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെപ്പോലും മുൻകൂട്ടി അറിയിക്കാതെ കേന്ദ്ര ഏജൻസി ഇടപെട്ടത് ജനാധിപത്യ വിരുദ്ധമാണ്. യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇഡി പരിശോധനയ്‌ക്കെത്തിയതെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പിണറായി വിജയനെയും കുടുംബത്തെയും രാഷ്ട്രീയമായി വേട്ടയാടി കേരളത്തിൽ എൽഡിഎഫിനെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. പരിശോധനയുടെ പേരിൽ സ്ത്രീത്വത്തെപ്പോലും അപമാനിക്കുന്ന നിലപാടാണുണ്ടായത്.


ഈ നീക്കത്തെ അന്താരാഷ്ട്ര-ദേശീയ തലത്തിൽ വലിയ വാർത്തയാക്കി മാറ്റാനായിരുന്നു കേന്ദ്ര ഏജൻസിയുടെ ശ്രമം. റെയ്ഡ് കഴിഞ്ഞിറങ്ങിയ ശേഷം ജനങ്ങളെ ബോധപൂർവ്വം പ്രകോപിപ്പിക്കാനും പ്രശ്നങ്ങളുണ്ടാക്കാനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.


തിരുവനന്തപുരത്ത് ക്ഷുഭിതരായ ജനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് അവർ മുതിർന്നത്. കേന്ദ്ര ഏജൻസിയുടെ ഈ അനാവശ്യ ഇടപെടലിനെതിരെയുള്ള ശക്തമായ പ്രതിഷേധം ആഭ്യന്തര വകുപ്പ് കേന്ദ്ര സർക്കാരിനെ അറിയിക്കണം.


ഡൽഹിയിൽ ആം ആദ്മി പാർട്ടിക്കെതിരെ ബിജെപി സ്വീകരിച്ച അതേ വേട്ടയാടൽ നിലപാടാണ് കേരളത്തിൽ സിപിഐ എമ്മിനെതിരെ കോൺഗ്രസ് തുടരുന്നത്. കോൺഗ്രസ്-ബിജെപി ഡീൽ ഇപ്പോഴും തുടരുകയാണ്.


ആർഎസ്എസ് അജണ്ടയ്ക്ക് മുന്നിൽ കേരള സർക്കാരും മുഖ്യമന്ത്രിയും കീഴടങ്ങുകയാണെന്നും ഇപി ജയരാജൻ വിമർശിച്ചു. റെയ്ഡ് നടന്നിട്ടും സംഭവത്തിൽ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും മൗനം തുടരുന്നതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി.


മുൻപ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ ഇഡി റെയ്ഡ് നടന്നപ്പോൾ പാർട്ടി പ്രതികരിച്ചില്ലെന്ന വാദം അടിസ്ഥാനരഹിതമാണ്. അന്നത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് പാർട്ടി നിലപാട് സ്വീകരിച്ചത്.


അന്നത്തെ പാർട്ടി സെക്രട്ടറിയുടെ കാര്യത്തിൽ പിണറായി വിജയൻ വ്യക്തമാക്കിയതായിരുന്നു പാർട്ടിയുടെ ഔദ്യോഗിക നിലപാടെന്നും ഇന്നത്തെ സ്ഥിതിഗതികൾ വ്യത്യസ്തമാണെന്നും ഇപി കൂട്ടിച്ചേർത്തു. റെയ്ഡിന് പിന്നാലെ ഇഡിയുടെ കൊച്ചി ഓഫീസിന് സിഐഎസ്എഫിന് പുറമെ 25 ഓളം പൊലീസുകാരെ നിയോഗിച്ച് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home