എൽഡിഎഫിന് അനുകൂലമായ ജനവിധി ഉണ്ടാകും; പോളിംഗ് ഉയർന്നത് എസ്ഐആർ സ്വാധീനം മൂലം: ഇ പി ജയരാജൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ കനത്ത പോളിംഗ് ഇടതുമുന്നണിയുടെ വലിയ വിജയത്തിന് അടിവരയിടുന്നതാണെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. കേരളത്തിൽ നിലവിൽ ഇടതുപക്ഷത്തെ എതിർക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ ആവേശത്തോടെ വിധിയെഴുതിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ 78 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ തന്നെ ബൂത്തുകളിൽ ദൃശ്യമായ വോട്ടർമാരുടെ നീണ്ട നിര എൽഡിഎഫിന് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തവണ പോളിംഗ് ശതമാനം ഉയരാൻ കാരണം എസ്ഐആർ പട്ടികയിലെ മാറ്റങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. വോട്ടർ പട്ടികയിൽ നിന്ന് 8.57 ശതമാനം പേർ എസ്ഐആർ വഴി പുറത്തായതാണ് പോളിംഗ് ശതമാനത്തിൽ ഇത്രയും വലിയ വർദ്ധനവ് പ്രകടമാകാൻ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരമാകും ഈ തിരഞ്ഞെടുപ്പ് ഫലം. ജനവിരുദ്ധ നയങ്ങൾ ഉയർത്തുന്ന യുഡിഎഫിനെയും ബിജെപിയെയും ജനങ്ങൾ തള്ളിക്കളഞ്ഞു. 23 ദിവസം നീണ്ടുനിന്ന തീപാറുന്ന പ്രചാരണത്തിന് ശേഷമാണ് കേരളം ബൂത്തിലെത്തിയത്. രാവിലെ 6:30 മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്. കനത്ത പോളിംഗ് എൽഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. വോട്ടെണ്ണൽ കഴിയുമ്പോൾ കേരളത്തിൽ ചരിത്രപരമായ വിജയം ഇടതുമുന്നണി ആവർത്തിക്കുമെന്നും ഇ പി ജയരാജൻ ഉറപ്പിച്ചു പറഞ്ഞു.










0 comments