print edition ‘എന്റെ ഭൂമി’യും ഇല്ലാതാകുന്നു: ഡിജിറ്റൽ റീസർവേ നിലച്ചു

ഒ വി സുരേഷ്
Published on Jul 27, 2026, 12:28 AM | 1 min read
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ നിഷേധ നിലപാടിൽ ‘എന്റെ ഭൂമി’ ഡിജിറ്റൽ റീസർവേ താളംതെറ്റി. സംസ്ഥാനത്തെ 1,666 വില്ലേജിലെയും ഭൂമി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അളന്നുതിട്ടപ്പെടുത്താൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. 3,305 താൽക്കാലിക ജീവനക്കാർക്ക് നാലുമാസമായി ശമ്പളം നൽകുന്നില്ല. വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും വാടക, ഡ്രൈവർമാരുടെ കൂലി എന്നിവ കുടിശ്ശികയാണ്. ഫീൽഡ് ജീവനക്കാരുടെ കരാർ പുതുക്കാത്തതോടെ സർവേ മുടങ്ങി. വേതനം കുടിശ്ശികയായതോടെ പലരും ജോലി നിർത്തി. കഴിഞ്ഞ സർക്കാരിന്റെ അഭിമാനപദ്ധതി പല സംസ്ഥാനങ്ങളും മാതൃകയാക്കിയപ്പോഴാണ് കേരളത്തിൽ ഇൗ സ്ഥിതി.
ഡിജിറ്റൽ റീസർവേ പ്രവർത്തനം 2022 നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനംചെയ്‌തത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 1338 സർവേയർമാരെയും 1967 ഹെൽപ്പർമാരെയും നിയമിച്ചു. 247 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി. മറ്റിടങ്ങളിൽ പുരോഗമിക്കുന്നു. അപ്പോഴാണ് പ്രവർത്തനം മരവിപ്പിക്കുന്ന നടപടി. ജീവിതം പ്രതിസന്ധിയിലായെന്നും റവന്യൂ മന്ത്രി എ പി അനിൽകുമാറിന് നിവേദനം നൽകിയിട്ടും അനുകൂല നിലപാടില്ലെന്നും ജീവനക്കാർ പറഞ്ഞു. വേതനം കിട്ടാനുള്ളവർ ചില ജില്ലകളിൽ സമരവും തുടങ്ങിയിട്ടുണ്ട്.









0 comments