ad
Deshabhimani

print edition എംഎ എൻജി. കോളേജ്‌ വിദ്യാർഥിയുടെ മരണം: പ്രതിഷേധം ജ്വലിച്ചു; ആവശ്യങ്ങൾ അംഗീകരിച്ച്‌ മാനേജ്‌മെന്റ്‌

sfi protest kothamangalam engineering college

കോതമംഗലം എംഎ എൻജിനീയറിങ്‌ കോളേജിൽ വിദ്യാർഥികൾക്ക്‌ പിന്തുണയുമായെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Aug 17, 2026, 01:30 AM | 2 min read

കോതമംഗലം: എംഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥി മിച്ചി മർപുവിന്റെ മരണത്തിൽ കോളേജ്‌ മാനേജ്‌മെന്റിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. പ്രതിഷേധം കടുപ്പിച്ചതോടെ വിദ്യാർഥികൾ ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും മാനേജ്‌മെന്റ്‌ അംഗീകരിച്ചു. ശനിയാഴ്ചയാണ് അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിനെ (20) കോതമംഗലത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. സിവിൽ വിഭാഗം നാലാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു. ഇയർബാക്കിൽ മനംനൊന്താണ്‌ ആത്മഹത്യയെന്നും വീട്ടുകാരെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ്‌ കണ്ടെത്തി.


കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കേളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 ആണ്‌. എംഎ എൻജിനീയറിങ് കോളേജിൽ ഇത് 22 ആണ്. ഇത് നേടാൻ കഴിയാത്തവർ ഇയർബാക്ക് ആകും (ഒരുവർഷം നഷ്ടമാകും). പഠനം മുടങ്ങുകയും ഹോസ്റ്റലിൽനിന്ന്‌ പുറത്താക്കുകയും ചെയ്യും. നിലവിൽ മർപു ഇയർ ബാക്കായി കോളേജിൽനിന്നും ഹോസ്‌റ്റലിൽനിന്നും പുറത്താക്കപ്പെട്ടിരുന്നു.


മരണത്തിന്‌ പിന്നാലെ വിദ്യാർഥികൾ പ്രതിഷേധവുമായി ഞായറാഴ്‌ച രംഗത്തെത്തി. പ്ലക്കാർഡുകൾ കയ്യിലേന്തിയും നീതി വേണമെന്ന മുദ്രാവാക്യം വിളികളുമായി ക്യാന്പസിൽ പ്രകടനം നടത്തി. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ പിന്തുണയും പ്രതിഷേധത്തിന്‌ കരുത്തായി. സ്വയംഭരണാവകാശമുള്ള കോതമംഗലം എംഎ എൻജിനീയറിങ് കോളേജിന്റെ വിദ്യാർഥിവിരുദ്ധ നടപടികളാണ്‌ മർപു ജീവനൊടുക്കാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതോടെ വൻ പൊലീസ്‌ സംഘവും സ്ഥലത്തെത്തി.


ഇയർ-ബാക്ക് രീതി പിൻവലിക്കുക, ഇതുമൂലം പുറത്തായ എല്ലാ വിദ്യാർഥികളെയും തിരിച്ചെടുക്കുക, പരീക്ഷാഫീസ് കുറയ്ക്കുക, എല്ലാ വിദ്യാർഥി സംഘടനകളുടെയും ക്ലാസ് പ്രതിനിധികളുടെയും പങ്കാളിത്തത്തോടെ പ്രിൻസിപ്പലുമായുള്ള ചിട്ടയായ പ്രതിമാസ കൗൺസിൽ യോഗം ഉറപ്പാക്കുക, മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കായി പ്രത്യേക പരാതി പരിഹാര- കൗൺസിലിങ്‌ സെൽ രൂപീകരിക്കുക, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടികൾ പാടില്ല എന്നീ ആവശ്യങ്ങളാണ്‌ വിദ്യാർഥികൾ ഉന്നയിച്ചത്‌. പ്രിൻസിപ്പൽ ബോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള കോളേജ് മാനേജ്മെന്റ്‌ പ്രതിനിധികളുമായിട്ടുള്ള ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചു.


ചർച്ചക്കുശേഷം പുറത്തിറങ്ങിയ മാനേജ്‌മെന്റ്‌ പ്രതിനിധികളെ തീരുമാനങ്ങൾ വിശദീകരിക്കണം എന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരും വിദ്യാർഥികളും ചേർന്ന്‌ തടഞ്ഞു. ഒത്തുതീർപ്പ്‌ വ്യവസ്ഥകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ പ്രതിഷേധം വീണ്ടും തുടങ്ങുമെന്ന് എസ്എഫ്ഐ അറിയിച്ചു. അരുണാചൽപ്രദേശിൽനിന്ന്‌ മർപുവിന്റെ മാതാപിതാക്കൾ എത്തി. തിങ്കളാഴ്‌ച പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം മൃതദേഹം വിട്ടുനൽകും. വിദ്യാർഥിയുടെ മരണത്തിൽ പൊലീസും സർവകലാശാലയും അന്വേഷണം നടത്തുമെന്ന്‌ മന്ത്രി റോജി എം ജോൺ അറിയച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home