ad
Deshabhimani

print edition അവസാനിക്കാതെ തട്ടിപ്പുകൾ

scam

പ്രതീകാത്മക ചിത്രം

avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Apr 25, 2026, 02:30 AM | 2 min read

കൊച്ചി:മാരത്തണിൽ അഞ്ചുകിലോമീറ്റർ ഓടിയാൽ അഞ്ചുലക്ഷം. 10 കിലോമീറ്ററിന്‌ ഏഴുലക്ഷം. 21 കിലോമീറ്ററിന്‌ 11 ലക്ഷം. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ച പരസ്യമാണിത്‌. ഓഫർ വിശ്വസിച്ച്‌ രജിസ്റ്റർ ചെയ്‌തവർക്ക്‌ പണം നഷ്‌ടപ്പെട്ടു. സമാനമായ നിരവധി പരസ്യങ്ങൾ വഴി പലർക്കും പൈസ പോയി. പുതിയ മേഖലകൾ തേടുകയാണ്‌ സൈബർ തട്ടിപ്പുകാർ.


ഫോൺ 
അപ്‌ഡേറ്റ്‌ ചെയ്യാമോ?


​വിവോ, ഐക്യു സ്‌മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് വ്യാജ സന്ദേശങ്ങൾ. മൊബൈൽ ഫോൺ ഉപയോക്താക്കളുടെ ബാങ്കിങ്‌ വിവരങ്ങൾ ചോർത്തുകയാണ്‌ ലക്ഷ്യം. ലിങ്കിൽ ക്ലിക്ക്‌ ചെയ്‌താൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ സ്വന്തമാക്കും.


ഇമ്മീഡിയറ്റ്‌ 
ഗ്യാസ്‌ സിലിണ്ടർ


​എൽപിജി ക്ഷാമം മുതലെടുത്ത്‌ ‘ഇമ്മീഡിയറ്റ്‌ ഗ്യാസ്‌ സിലിണ്ടർ ഡെലിവറി’ തട്ടിപ്പും വ്യാപകം. ബുക്ക്‌ ചെയ്‌ത്‌ മുൻകൂർ പണമടച്ചാൽ ഉടൻ സിലിണ്ടർ വീട്ടിലെത്തിക്കുമെന്നാണ്‌ സന്ദേശം. ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക്‌ ചെയ്‌താൽ തട്ടിപ്പുകാരന്റെ എപികെ (ആൻഡ്രോയിഡ്‌ പാക്കേജ്‌ കിറ്റ്‌) ഫോണിൽ ഇൻസ്റ്റാളാകും.


യമഹ ആർഎക്‌സ്‌ 
100 വേണോ?


​യമഹയുടെ ഏറ്റവും ജനപ്രിയ വാഹനം ആർഎക്‌സ്‌ 100 വെറും 1500 രൂപ ഡ‍ൗൺ പേമെന്റ്‌ അടച്ച്‌ സ്വന്തമാക്കാം. വാഹനവില 18,000–28,000 രൂപവരെ. ഇന്ത്യയിലെവിടെയും എത്തിച്ചുതരും. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും പ്രചരിക്കുന്ന തട്ടിപ്പിൽ ഡ‍ൗൺ പേമെന്റ്‌ അടച്ച്‌ പണം നഷ്‌ടപ്പെട്ടവർ നിരവധി.


വിനോദയാത്ര 
ഹോട്ടൽ ബുക്കിങ്‌


​പ്രമുഖ ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളും ബുക്ക്‌ ചെയ്‌ത പലർക്കും പണം പോയി. ബുക്കിങ്‌ സൈറ്റുകളിൽ വ്യാജ വിവരങ്ങൾ നൽകി മുൻകൂ‍ർ പണം വാങ്ങിയായിരുന്നു തട്ടിപ്പ്‌.


3 വർഷം, നഷ്‌ടം 1783 കോടി


​കഴിഞ്ഞ മൂന്നുവർഷം സൈബർ തട്ടിപ്പുകാർ കേരളത്തിൽനിന്ന്‌ കൊണ്ടുപോയത്‌ 1783 കോടി രൂപ. 306 കോടി രൂപ പൊലീസ്‌ ഇടപെടലിൽ തിരിച്ചുപിടിച്ചു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത പരാതികൾ 1,07,598. ഇ‍ൗ വർഷം ആദ്യ മൂന്നുമാസംമാത്രം നഷ്‌ടം 185 കോടി. ഇതിൽ 48 കോടി തിരിച്ചുപിടിച്ചു. 2023ൽ 23,700 പരാതിക്കാർക്ക്‌ നഷ്‌ടമായത്‌ 201 കോടി. 2024ൽ 41,300 പരാതികളിൽ 764 കോടിയും 2025ൽ 42,598 പരാതികളിൽ 818 കോടിയും നഷ്‌ടമായി.


അജ്ഞാത ലിങ്കുകൾ ഒഴിവാക്കാം


​ഗതാഗതനിയമലംഘനത്തിന്റെ പിഴ അടയ്‌ക്കുക, ഇൻഷുറൻസ്‌ അടയ്‌ക്കുക എന്നോ സമ്മാനങ്ങൾ ലഭിച്ചെന്ന്‌ പറഞ്ഞോ ഇലക്‌ട്രിസിറ്റി ബിൽ അടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടോ ഫോണിൽ അജ്ഞാത നന്പറുകളിൽനിന്നുവരുന്ന ലിങ്കുകൾ തുറക്കരുതെന്ന്‌ പൊലീസ്‌. ആപ്പുകളെന്ന പേരിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മാൽവെയർ അടങ്ങിയ എപികെ ഫയലുകളാണ്‌ ഡ‍ൗൺലോഡാവുക.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരിലാകും. കാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ ചോർത്തും.


മൊബൈൽ ഫോൺ സെറ്റിങ്‌സിലെ ‘സിസ്‌റ്റം അപ്‌ഡേറ്റ്‌' വഴിയല്ലാതെ ബ്രൗസർ, മെസേജുകൾ എന്നിവയിലൂടെ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്


. ‘ഫോൺ ബ്ലോക്ക് ചെയ്യും' എന്ന രീതിയിലുള്ള ഭീഷണിസന്ദേശങ്ങൾ അവഗണിക്കുക

. ഫോണിലെ ‘ഇൻസ്റ്റാൾ ഫ്രം അൺനോൺ സോഴ്‌സസ്‌’ ഓപ്ഷൻ എപ്പോഴും ഓഫാക്കുക

. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾമാത്രം ഉപയോഗിക്കുക

. അബദ്ധവശാൽ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക

. ഫോൺസുരക്ഷാ ആപ്പുപയോഗിച്ച് സ്‌കാൻ ചെയ്‌ത്‌ അജ്ഞാത ആപ്പുകൾ നീക്കുക

ബാങ്കിങ്‌ സോഷ്യൽ മീഡിയ പാസ്‌വേഡുകൾ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടൻ മാറ്റുക

ഓർമയിലിരിക്കാം 
പരാതി ഓൺലൈനായും നൽകാം

​സാമ്പത്തിക തട്ടിപ്പിനിരയായാൽ cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ പരാതി നൽകുക. പരാതി നൽകുംമുമ്പ്‌, തട്ടിപ്പിനിരയായതിന്റെ സ്‌ക്രീൻ ഷോട്ടുകളും പിഡിഎഫുകളും ഫോട്ടോകളും എടുത്തുവയ്‌ക്കണം. ലോക്കൽ പൊലീസ്‌ സ്റ്റേഷന്റെ വിലാസം, ഫോൺ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ പരാതിക്കൊപ്പം നൽകണം.


ഇ‍ൗ വിവരങ്ങൾ കേരള പൊലീസിന്റെ ഒ‍ൗദ്യോഗിക വെബ്‌സൈറ്റ്‌ keralapolice.gov.in-ൽ ലഭ്യമാണ്‌. പൂരിപ്പിക്കുന്നതിൽ സംശയം വന്നാൽ 24 മണിക്കൂറും ലഭ്യമായ 1930യിൽ വിളിക്കുക. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ പരാതി സമർപ്പിച്ചാൽ റെസിപ്റ്റ്‌ പിഡിഎഫ്‌ ആയി ലഭിക്കും. അതുമായി ലോക്കൽ പൊലീസ്‌ സ്റ്റേഷനെ സമീപിക്കുക. ഇ‍ൗ വിവരങ്ങൾവച്ച്‌ പൊലീസിന്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. വിശദമൊഴിയുമെടുക്കാം. ഇത്തരത്തിൽ പരാതി രജിസ്റ്റർ ചെയ്‌താൽ പൊലീസ്‌ സ്റ്റേഷനിൽ വേറെ പരാതി കൊടുക്കേണ്ടതില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home