ഇഎംഎസ് അപ്പേര് ഞാൻ കേട്ടിട്ടുണ്ടല്ലോ! ഇന്ത്യക്കാരനായ ഇഎംഎസിനെയാണോ ഉദ്ദേശിച്ചത്?

EMS.
വെബ് ഡെസ്ക്

Published on Jun 13, 2025, 03:24 PM | 3 min read

'അമേരിക്കക്കാരിയായ ഒരു പെൺകുട്ടി ഇഎംഎസിനെ തിരക്കി വന്ന ബെന്യാമിൻ കഥയിലെ വരികളാണിത്. വംശവെറിയുടെ ഭാഗമായുള്ള കുടിയേറ്റത്തിൻ്റേയും, അഭയാർത്ഥിത്വത്തിൻ്റേയും നടുക്കു നിന്നുകൊണ്ട് ഒരു മലയാളി ലോകത്തെ നോക്കിക്കാണുന്ന ചെറുകഥയുടെ പേരാണ് ഇഎംഎസും പെൺകുട്ടിയും. മലയാളിയെ വിശ്വ പൗരനാക്കി ഉയർത്തുന്നതിൽ ഇഎംഎസ് വഹിച്ച പങ്ക് ചെറുതല്ല'- പി ടി രാഹേഷ് എഴുതുന്നു


ഫേസ്ബുക്ക് കുറിപ്പ്



ജൂൺ 13 ഇ.എം.എസ് ദിനം



ഇഎംഎസ് ഇവിടെയുണ്ടോ ?


ഇടതുപക്ഷത്തോടൊപ്പം ചേർന്നു നിൽക്കുന്ന എഴുത്തുകാരെ കുറിച്ചുള്ള ചർച്ചകൾ നടന്നു വരുന്നതിനിടയിലാണ് വീണ്ടുമൊരു ഇ എം എസ് ജന്മദിനം കടന്നുവരുന്നത്. ഇടതുപക്ഷത്തെ പ്രതീക്ഷാനിർഭരമായി ചേർത്തുപിടിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം കൊതിക്കുന്നവർക്കിടയിലെ ഒരു സ്വാഭാവിക പ്രക്രിയയാണ്. ചൂഷണ രഹിതവും സമത്വ സുന്ദരവുമായ ഒരു നവലോക സൃഷ്ടിക്കായി മാർക്സിസം അല്ലാതെ മറ്റൊന്നും ഇല്ലെന്ന തിരിച്ചറിവാണ് ഇതിനു കാരണം.


കേരളത്തിൻറെ സാമൂഹ്യ ജീവിതത്തിൽ കലർന്ന ഈ ബോധമാണ് സാംസ്കാരിക പ്രവർത്തകരിലും ഉൾ ചേർന്നിട്ടുള്ളത്. കേരളത്തിലെ വലതുപക്ഷക്കാർക്കിടയിലും ഒരു ഇടതുപക്ഷ മനസ്സുണ്ടെന്ന് പറയുന്നതു പോലെയാണിത്. ഇക്കാരണത്താൽ തന്നെയാണ് എഴുത്തുകാരും, സാംസ്കാരിക പ്രവർത്തകരും ഇടതുപക്ഷ സാരഥിക്കായി അണിനിരക്കുന്നത്. ഇടതുപക്ഷവും, മാർക്സിസ്റ്റ് ലെനിലിസ്റ്റ് ആശയങ്ങളും ഈ എഴുത്തുകാരുടെ രചനകളിൽ നിന്നും നമുക്ക് കണ്ടെടുക്കാനാവും.

rahesh.


ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് വേളയിൽ മാത്രമല്ലാതെ, എഴുത്തുകാർ ഉയർത്തുന്ന ഈ ആശയം കണ്ടെത്തണമെങ്കിൽ എതിരാളികളുടെ വായന കൂടുതൽ വിപുലപ്പെടേണ്ടതുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും മാർക്സിസത്തിന്റെ പ്രയോഗവും സിദ്ധാന്തവും ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ കമ്മ്യൂണിസ്റ്റുകാരനാണ് ഇഎംഎസ്. ബെന്യാമിനെ എഴുതിയ ഇഎംഎസും പെൺകുട്ടിയും എന്ന ചെറുകഥ ലോകത്ത് എവിടെയായാലുമുള്ള ഇടതുപക്ഷത്തിന്റെ പ്രസക്തിയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇഎംഎസ് ഇവിടെയുണ്ടോ എന്ന ബെന്യാമിന് ഉയർത്തുന്ന ചോദ്യവും, നിലമ്പൂരിൽ വോട്ട് ഉണ്ടായിരുന്നെങ്കിൽ സ്വരാജിനായിരിക്കും എന്ന എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും നിലപാടും ഈ എം എസ് ജന്മദിനത്തിൽ ഏറെ പ്രസക്തമാണ്'.


ഇഎംഎസ് ഇവിടെയുണ്ടോ ?


ഇഎംഎസ്സോ അതാര് ?


ഈ വീടിൻ്റെ ഹൗസ് ഓണർ മി.എലംകുലം മനക്കാൽ... അദ്ദേഹം ഇവിടെയായിരുന്നു താമസിച്ചിരുന്നത്.


ഇഎംഎസ് അപ്പേര് ഞാൻ കേട്ടിട്ടുണ്ടല്ലോ! ഇന്ത്യക്കാരനായ ഇഎംഎസിനെയാണോ ഉദ്ദേശിച്ചത് ?


അതെയതെ അതുതന്നെ, ഒരിക്കൽ ഞാൻ അദ്ദേഹത്തോടൊപ്പം ഇവിടെ താമസിച്ചിട്ടുണ്ട്.


എന്തിനാണ് അദ്ദേഹത്തിനെ ഇപ്പോൾ തിരക്കുന്നത് ?


അദ്ദേഹത്തെ കണ്ടു ഒരു സഹായം അഭ്യർത്ഥിക്കാനാണ്, അതിനുവേണ്ടി ഇന്നലെ രാത്രി വളരെ കഷ്ടപ്പെട്ട് ഇവിടെ വന്ന് ബെല്ലടിച്ചപ്പോൾ ആരുമില്ല. തിരിച്ചു പോകാൻ വേറെ സ്ഥലവുമില്ല.


അയ്യോ പാവം അദ്ദേഹം ആർക്കും എന്തു സഹായവും ചെയ്യുന്ന ആളായിരുന്നു. പക്ഷേ എന്തു ചെയ്യാം, നിർഭാഗ്യം. കഴിഞ്ഞവർഷം അദ്ദേഹം മരിച്ചു പോയി.


അമേരിക്കക്കാരിയായ ഒരു പെൺകുട്ടി ഇഎംഎസിനെ തിരക്കി വന്ന ബെന്യാമിൻ കഥയിലെ വരികളാണിത്. വംശവെറിയുടെ ഭാഗമായുള്ള കുടിയേറ്റത്തിൻ്റേയും, അഭയാർത്ഥിത്വത്തിൻ്റേയും നടുക്കു നിന്നുകൊണ്ട് ഒരു മലയാളി ലോകത്തെ നോക്കിക്കാണുന്ന ചെറുകഥയുടെ പേരാണ് ഇഎംഎസും പെൺകുട്ടിയും. മലയാളിയെ വിശ്വ പൗരനാക്കി ഉയർത്തുന്നതിൽ ഇഎംഎസ് വഹിച്ച പങ്ക് ചെറുതല്ല. ലോകത്തിൻ്റെ ഏതു കോണിൽ എത്തിപ്പെടാനും അവിടെയെല്ലാം മികവോടെ ജീവിക്കാനും കഴിയുന്ന കൂട്ടരാണ് മലയാളികൾ. മലയാളികളുടെ കുടിയേറ്റം അവരുടെ ജീവിതത്തിൻ്റെ മെച്ചപ്പെടുത്തലിന്റെയും വികാസത്തിന്റെയും ഭാഗമായിരുന്നു. അങ്ങനെയുള്ള ഒരു മലയാളിയുടെ അരികിൽ പ്രാണരക്ഷാർത്ഥം എത്തിപ്പെട്ട ഒരു അഭയാർത്ഥി പെൺകുട്ടിയുടെ കഥ പറയുകയാണ് ബെന്യാമിൻ ഇവിടെ ചെയ്യുന്നത്.


സ്വന്തമെന്ന് പറയാൻ ഭൂപടത്തിൽ ഒരിടമില്ലാതെ കുടിയിറക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധിയായ 'പകാവൂ' എന്ന പെൺകുട്ടി 'ഇഎംഎസ് ഇവിടെയുണ്ടോ' എന്ന് ചോദിക്കുമ്പോൾ കുടിയിറക്കപ്പെട്ടു കൊണ്ടിരുന്ന നമ്മുടെ ഭൂതകാല ചരിത്രം നാം ഓർത്തെടുക്കും. ജന്മിത്വത്തിന്റെയും നാടുവാഴിത്തത്തിന്റെയും ഇരുണ്ടകാലത്ത് നിരന്തരം കുടിയിറക്കപ്പെട്ടിരുന്ന മണ്ണിൽ അധ്വാനിക്കുന്ന കർഷകരും, കർഷക തൊഴിലാളികളും ഒരു തുണ്ട് ഭൂമിയുടെ അവകാശികളായി മാറിയത് ഇ.എം.എസ് ഉണ്ടായിരുന്നതു കൊണ്ടാണ്. തന്റേതായ ഇടമുള്ള തൻ്റേടിയായ ഒരു ജനതയെ രൂപപ്പെടുത്തുകയായിരുന്നു ഇഎംഎസ് ഗവൺമെൻറ് ചെയ്തത്. ലോകത്തെമ്പാടും തുടരുന്ന കുടിയൊഴിപ്പിക്കലുകളിൽ അനാഥരാക്കപ്പെട്ട ജനതയുടെ രാഷ്ട്രീയ മുദ്രാവാക്യമായി 'ഇഎംഎസ് ഇവിടെയുണ്ടോ' എന്ന ചോദ്യം അലയടിക്കുന്നതായി ഈ കഥ വായിക്കുമ്പോൾ നമുക്ക് തോന്നിപ്പോകും.


രാഷ്ട്രീയവും അരാഷ്ട്രീയതയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടക്കുന്ന കാലത്ത് ഇഎംഎസ് എന്ന പേരിന് ഉല്പാദിപ്പിക്കാൻ കഴിയുന്ന ജീവിതത്തെ പുതുക്കി പണിയാനുള്ള പ്രതീക്ഷകൾ എത്രമാത്രമാണെന്ന് വായിക്കുന്നവരെ കൊണ്ട് ചിന്തിപ്പിക്കാൻ കഴിയുന്നു എന്നതാണ് ഈ കഥയുടെ പ്രസക്തി. 'ഇഎംഎസ് ഇവിടെയുണ്ടോ ?' എന്ന ചോദ്യം ജീവിതം കൂടുതൽ സങ്കീർണ്ണമാകുമ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്ന ഒന്നാണ്. കുടിയേറ്റങ്ങളും യുദ്ധങ്ങളും വംശഹത്യകളും ലോകത്തെമ്പാടും ഇപ്പോഴും തുടരുകയാണ്. സ്നേഹത്തോടെയും സമാധാനത്തോടെയും നമുക്ക് ജീവിക്കാൻ കഴിയുന്ന 'ഒരിടം' മാത്രമാണ് ബാക്കിയുള്ളത് എന്ന് തിരിച്ചറിയുമ്പോഴാണ് 'ഇ.എം.എസ് ഉയർത്തിയ രാഷ്ട്രീയം' വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന ആകാശത്ത് പ്രതീക്ഷയുടെ ഒരു നിലാവെളിച്ചമായി നമുക്കിടയിൽ മാറുന്നത്.



പി.ടി.രാഹേഷ്



deshabhimani section

Related News

View More
0 comments
Sort by

Home