ഇ എം എസ് മ്യൂസിയം ഡിസംബറിൽ പൂർത്തിയാകും: സ്പീക്കർ എ എൻ ഷംസീർ

EMS Museum

നിയമസഭയിലെ ഇഎംഎസ് സ്മൃതി മ്യൂസിയത്തിന്റെ നിര്‍മാണോദ്ഘാടനം സ്പീക്കര്‍ എ എന്‍ ഷംസീര്‍ നിര്‍വഹിക്കുന്നു.

വെബ് ഡെസ്ക്

Published on Aug 01, 2025, 03:03 PM | 1 min read

തിരുവനന്തപുരം: ബഹുമുഖ പ്രതിഭയായ ഇ എം എസിന്റെ ചരിത്രം പുതുതലമുറയ്ക്ക് ലഭ്യമാക്കുന്നതിന് നിയമസഭയിൽ ഒരുക്കുന്ന ഇ എം എസ് സ്മൃതി ഡിജിറ്റൽ മ്യൂസിയത്തിലൂടെ സാധിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കേരള നിയമസഭയിൽ സജ്ജീകരിക്കുന്ന ഇ എം എസ് സ്മൃതി മ്യൂസിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു സ്പീക്കർ.


ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലഘട്ടത്തിൽ, യഥാർത്ഥ ചരിത്രം നാടിനെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയും ആധുനിക കേരളത്തിന്റെ സ്രഷ്ടാവുമായിരുന്ന ഇ എം എസിനെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിൽ മ്യൂസിയം ഗുണകരമാകും. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ഈ സംരംഭം നടപ്പിലാക്കാൻ കേരള നിയമസഭയ്ക്ക് സാധിക്കുന്നതിൽ ചാരിതാർഥ്യമുണ്ട്. നിയമസഭ സന്ദർശനം ആകർഷകമാക്കുന്നതിൽ ഇ എം എസ് മ്യൂസിയം പ്രധാന പങ്ക് വഹിക്കുമെന്നും സ്പീക്കർ പറഞ്ഞു.


നിയമസഭാ ക്യാംപസിലെ ജി കാർത്തിയേകൻ മ്യൂസിയത്തിന്റെ ഒന്നാം നിലയിലാണ് ഇ എം എസി ന്റെ ജീവിതവും രാഷ്ട്രീയ-സർഗാത്മക പ്രവർത്തനങ്ങളും വിശദമാക്കുന്ന ഇഎംഎസ് സ്മൃതി ഒരുങ്ങുന്നത്. 4500 സ്‌ക്വയർ ഫീറ്റിൽ ഇ എം എസിന്റെ ചിത്രങ്ങളും സ്മരണികകളും ഉൾപ്പെടുന്ന ഗാലറികളും, മിനി തിയേറ്ററും സുവനീർ ഷോപ്പും ഗെയ്മിങ് സോണും മ്യൂസിയത്തിൽ ഉണ്ടാകും. കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ് നിർമ്മാണ ചുമതല. ഡിജിറ്റൽ മ്യൂസിയത്തിൽ മികച്ച രീതിയിൽ ഇ എം എസിനെ അവതരിപ്പിക്കുന്നതിലും വെർച്വൽ റിയാലിറ്റി സാങ്കേതികത ഉപയോഗപ്പെടുത്തി ഓരോ ഗ്യാലറികളും രൂപകല്പന ചെയ്യുന്നതിനും അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഡിസംബറിൽ മ്യൂസിയം നിർമ്മാണം പൂർത്തിയാകുമെന്നും സ്പീക്കർ പറഞ്ഞു.


നിയമസഭ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. മ്യൂസിയം ഉപദേശക സമിതി ചെയർപേഴ്സൺ കെ ബാബു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളം ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ചന്ദ്രൻപിള്ള, കേരള നിയമസഭാ സെക്രട്ടറിയേറ്റ് ജോയിന്റ് സെക്രട്ടറി ഷീന ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

Home